cm

തിരുവനന്തപുരം: കാസർകോട്ടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്യേണ്ട യാതൊരാവശ്യവും സി.പി.എമ്മിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സി.പി.എം ലോക്കൽകമ്മിറ്റി അംഗമാണ് പ്രതിസ്ഥാനത്തെന്ന് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ ബന്ധപ്പെട്ട ആളുകൾക്കെതിരെ നിയമനടപടി മാത്രമാവില്ല,​ കർക്കശമായ പാർട്ടി നടപടിയും ഉണ്ടാവുമെന്നും പാർട്ടി ഇത് ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടതുമുന്നണിയുടെ രണ്ട് ജാഥകൾ നടക്കുകയാണ്. കാസർകോട് ജില്ലയിൽ ജാഥ നടക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരമറിയുന്നവരാരും ഇത് ചെയ്യില്ല. തെറ്റും അപലപനീയവുമാണിത്. കൊലപാതകം നടന്ന ഉടനെ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടി നിലപാട് പാർട്ടി സെക്രട്ടറി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലെല്ലാവരും തള്ളിപ്പറഞ്ഞ അത്യന്തം നിർഭാഗ്യകരമായ കൊലപാതകമാണിത്.

അക്രമത്തിന് പ്രോത്സാഹനം നൽകുന്ന പാർട്ടിയല്ല സി.പി.എം. ധാരാളം അക്രമങ്ങൾ ഏറ്റുവാങ്ങിയ പാർട്ടിയാണ്. ഒരുപാട് ജീവനുകൾ നഷ്ടപ്പെടുന്നത് കടിച്ചമർത്തിയ വേദനയോടെ സഹിച്ച പാർട്ടിയാണ്. അക്രമത്തിന് കൂട്ടുനിൽക്കുന്നതോ ആരെയെങ്കിലും കൊല്ലാൻ നടക്കുന്നതോ ആയ പാർട്ടിയല്ല.

ജനങ്ങളിൽ തെറ്റിദ്ധാരണ ഉണർത്തുന്നതോ ജനം അംഗീകരിക്കാത്തതോ ആയ നിലപാടുകളൊന്നും സ്വീകരിക്കില്ല.

ക്രമസമാധാന നില ഭദ്രം

ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാലും മികച്ച സംസ്ഥാനം കേരളമാണ്. ഈ സർക്കാർ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ല. രാഷ്ട്രീയകൊലപാതകങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ വീടാക്രമിച്ചപ്പോൾ പോയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ വീടുകളിൽ പോകുന്നില്ലെന്ന് പ്രതിപക്ഷം വിമർശിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ,​ അവരാരും അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ലെന്നായിരുന്നു മറുപടി. കൊലപാതകത്തിന്റെയെല്ലാം ഉത്തരവാദി താനാണെന്ന മട്ടിലുള്ള ചിത്രീകരണം പ്രതിപക്ഷത്തെ ഉത്തരവാദപ്പെട്ട ആളിൽ നിന്നുണ്ടായിട്ടുണ്ട്. കാസർകോട്ടെ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ,​കെ.പി.സി.സി പ്രസിഡന്റ് തന്നെയാണ് അതും (കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന്)​ പറഞ്ഞത് എന്നായിരുന്നു മറുപടി.

മുഖ്യമന്ത്രിക്ക് രുചിക്കാത്ത ചോദ്യം

എൽ.ഡി.എഫ് ജാഥ നടക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരമറിയുന്നവർ കൊല നടത്തില്ലെന്ന് പറഞ്ഞാൽ,​ അല്ലാത്തപ്പോൾ നടത്തുമെന്നാണോ അതിന്റെ യുക്തി എന്ന വാർത്താലേഖകരുടെ ചോദ്യം മുഖ്യമന്ത്രിക്ക് രുചിച്ചില്ല. 'യുക്തിയും അയുക്തിയുമൊന്നും തന്റെ ഭാഗത്ത് നിന്നില്ല. പറയാനുള്ളത് നേരെയങ്ങ് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അങ്ങനെ വ്യാഖ്യാനിക്കണമെങ്കിൽ ആവാം. നിങ്ങൾ മറ്റ് പലതും ആഗ്രഹിക്കുന്നെങ്കിൽ അതെന്റെ കൈയിൽ നിന്ന് കിട്ടില്ല'- അടുത്ത ചോദ്യത്തിന് കാക്കാതെ മുഖ്യമന്ത്രി എഴുന്നേറ്റ് പോയി.