തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരപ്രകാരം ശുപാർശ ചെയ്തിട്ടുള്ളതിന്റെ 80 ശതമാനം തുക ഉടൻ നൽകുമെന്നും ശമ്പളപരിഷ്‌കരണ കരാർ നിലവിൽവരുന്നതിന് മുമ്പേ ആനുകൂല്യം നൽകുന്നതിനാണ് ഈ ക്രമീകരണമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
കമ്പനി പുതിയതായി വിപണിയിലെത്തിച്ച അഞ്ച് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും അതിഥിമന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശമ്പളപരിഷ്‌കരണം കാലോചിതമായി നടപ്പാക്കുന്നതിൽ മുൻ മാനേജ്‌മെന്റ് പരാജയപ്പെട്ടു. 32 ശതമാനം വർദ്ധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിൽ ഉടൻ തീരുമാനമെടുക്കും. കരാർ നിലവിൽ വരുന്നതിന് മുമ്പേ ജീവനക്കാർക്ക് ആനുകൂല്യം നൽകുന്നതിന് ധാരണാപത്രം ഒപ്പിടുമെന്നും ജയരാജൻ പറഞ്ഞു.
സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. ടൈറ്റാനിയം ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ടെറ്റാനിയത്തിലെ തൊഴിലാളി സംഘടനാ നേതാക്കളായ ക്ലൈനസ് റൊസാരിയോ, എം.ജെ തോമസ്, സി.എസ് പ്രസന്നകുമാരൻ, വി.ബിനുരാജ്, ടൈറ്റാനിയം എം.ഡി ജോർജീ നൈനാൻ എന്നിവർ സംസാരിച്ചു.
ജിപ്സം, ബ്രിക്ക്, അയൺ ഓക്‌സൈഡ്, റോഡ് മാർക്കിംഗ് പെയിന്റ്, ഇന്റർലോക്ക് ടൈൽ എന്നിവയാണ് പുതിയതായി വിപണിയിൽ എത്തിച്ചത്. പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിന്റെ റോഡ് മാർക്കിംഗ് പെയിന്റ് ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പും തീരുമാനിച്ചിട്ടുണ്ട്. ടൈറ്റാനിയം നിർമ്മാണത്തിനെയുണ്ടാകുന്ന അവശിഷ്ടങ്ങൾകൊണ്ടാണ് ബ്രിക്ക് ഉണ്ടാക്കിയിട്ടുള്ളത്. ഇതുപയോഗിച്ചാണ് ഫാക്ടറി വളപ്പിൽ അതിഥി മന്ദിരം നിർമ്മിക്കുന്നത്.