തിരുവനന്തപുരം: ദേവിയെ കാപ്പുകെട്ടി പാട്ടുപന്തലിൽ കുടിയിരുത്തിയ നാൾ തൊട്ട് വ്രതപുണ്യമനുഷ്ഠിച്ച് ശുദ്ധിനേടിയ മനസുമായി കാത്തിരിക്കുന്ന സ്ത്രീജനങ്ങൾ അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാലയർപ്പിക്കും. ലക്ഷക്കണത്തിന് അടുപ്പുകളിൽ ഒരേ നേരം തീപകരുമ്പോൾ അനന്തപുരിയുടെ പകൽ യാഗഭൂമിയാകും. വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുമ്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ. ഇന്ന് രാവിലെ 9.45ന് ക്ഷേത്രത്തിൽ പൊങ്കാലയ്ക്കു മുന്നോടിയായുള്ള പുണ്യാഹച്ചടങ്ങുകൾ നടക്കും. ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് കൈമാറും.വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെനിന്ന് 10.15ന് പണ്ടാരയടുപ്പിലേക്ക് തീ പകരും. ഈ സമയം ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയുണ്ടാകും. ഭക്തർ വായ്ക്കുരവകളോടെ പുണ്യമുഹൂർത്തത്തെ വരവേറ്റ് പൊങ്കാലയടുപ്പുകൾ കത്തിക്കും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. ഈ സമയം ഹെലികോപ്ടറിൽനിന്ന് പുഷ്പവൃഷ്ടി ഉണ്ടാകും. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പൂജാരിമാർ ഭക്തരുടെ പൊങ്കാല അടുപ്പുകളിൽ തീർത്ഥം തളിക്കും. 250ഓളം പൂജാരിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. പിന്നെ അമ്മയുടെ അനുഗ്രഹം മൺകലങ്ങളിലും മനസിലും നേടിയ ചാരിതാർത്ഥ്യത്തോടെ മടക്കം.

ദേവീസന്നിധിയിലേക്ക് സ്ത്രീജനപ്രവാഹം

ഇന്നലെ രാവിലെ മുതൽ ക്ഷേത്രപരിസരവും ആറ്റുകാലിൽ നിന്ന് അധികദൂരത്തിലല്ലാത്ത നഗരപ്രദേശങ്ങളും പൊങ്കാലയിടാനായി സ്ത്രീകൾ കൈയടക്കിക്കഴിഞ്ഞു. ഒരാഴ്ചയായി പൊങ്കാല ഉത്സവത്തിന്റെ തിരക്കിലായ ആറ്റുകാൽ ക്ഷേത്രം പൊങ്കാലയർപ്പിക്കാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവു കൂടിയായതോടെ തിരക്കിന്റെ മൂർദ്ധന്യത്തിലാണ്. ക്ഷേത്രത്തിന്റെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ ഇക്കുറി പൊങ്കാല അടുപ്പുകൾ നിരക്കുമെന്നാണ് കണക്കാക്കുന്നത്. ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ഐരാണിമുട്ടം, ബണ്ട് റോഡ്, കാലടി, കരമന, കിള്ളിപ്പാലം, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം തുടങ്ങി ക്ഷേത്രത്തോട് അടുത്ത സ്ഥലങ്ങളിലും കിഴക്കേകോട്ട മുതൽ കേശവദാസപുരം വരെയുള്ള എം.ജി റോഡിലുമായിരിക്കും കൂടുതൽ അടുപ്പുകൾ നിരക്കുക. ഇതിനുപുറമേ ബൈപ്പാസിലും നഗരത്തിലെ മറ്റ് ഇടറോഡുകളിലും പൊങ്കാലയടുപ്പുകൾ നിരക്കും. റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും അടുപ്പുകളുണ്ട്. നഗരപരിധിയിലുള്ള വിവിധ ക്ഷേത്രങ്ങളിലും പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ തലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ ഇത്തവണ കർശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾക്കും കവറുകൾക്കും പ്രവേശനമില്ല. സുരക്ഷയ്ക്കായി 3700 പൊലീസുകാരും 1000 സന്നദ്ധ പ്രവർത്തകരും 100 വനിതാ കമാൻഡോ സംഘവും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ മൈക്കിലൂടെ പൊലീസ് അറിയിപ്പും പ്രധാന പോയിന്റുകളിൽ ആംബുലൻസ്, ഓക്സിജൻ പാർലർ, ഫയർ എൻജിൻ തുടങ്ങി സംവിധാനവും ഉണ്ടായിരിക്കും. പൊങ്കാലയിട്ട് തിരിച്ചുപോകാൻ കെ.എസ്.ആർ.ടി.സിയുടെയും റെയിൽവേയുടെയും പ്രത്യേക സർവീസുകളും ഉണ്ടായിരിക്കും.

കുത്തിയോട്ട ചൂരൽക്കുത്ത് വൈകിട്ട്

ദേവിയുടെ പുറത്തെഴുന്നള്ളത്തിന് മുന്നോടിയായുള്ള കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് വൈകിട്ട് 7ന് തുടങ്ങും. തുടർന്ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. ഇത്തവണ 815 ബാലന്മാരാണ് കുത്തിയോട്ട വ്രതമെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ട വ്രതം അവസാനിക്കും. അന്നു രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇൗ വർഷത്തെ ഉത്സവത്തിന് സമാപനമാകും.