തിരുവനന്തപുരം: ഇടുക്കിയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കൃഷിക്കാരെ സഹായിക്കാനുള്ള നടപടികൾ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും.
കർഷക ആത്മഹത്യകളെ പറ്റി ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടുകൾ ഇന്നലെ മന്ത്രിസഭായോഗം ചർച്ച ചെയ്തു. ആത്മഹത്യ ചെയ്ത പലരും കാർഷികവായ്പകൾക്ക് പകരം മറ്റ് വായ്പകളാണ് എടുത്തിട്ടുള്ളത്. വായ്പകൾക്ക് ജപ്തിനോട്ടീസ് ലഭിക്കുന്നത് ആത്മഹത്യക്ക് കാരണമാകുന്നതിനാൽ ജപ്തിനടപടികൾ ഒരു വർഷത്തേക്ക് നിറുത്തിവയ്ക്കണം, കാർഷികവായ്പകൾക്കുള്ള ഒരു വർഷത്തെ മോറട്ടോറിയം ബാങ്കുകൾ പാലിക്കാത്തതിനാൽ അത് നടപ്പാക്കാൻ നടപടികളുണ്ടാവണം, ഇടുക്കിയിലെ പട്ടയമില്ലാത്ത കർഷകർ കൃഷിക്കായി എടുക്കുന്ന കാർഷികേതര ലോണുകൾക്കും ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്തുക, കാർഷിക ദുരിതാശ്വാസ കുടിശികയായ 54 കോടിയിൽ ഇടുക്കി ജില്ലയുടെ 13 കോടി അടിയന്തരമായി അനുവദിക്കുക, കർഷകരുടെ ആത്മവിശ്വാസം നിലനിറുത്താൻ എല്ലാ പഞ്ചായത്തിലും ഉജ്ജീവനം പദ്ധതി, എം.എസ്.എം.ഇ പദ്ധതി, പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികൾ, വിള ഇൻഷുറൻസ് പദ്ധതി, മറ്റ് കാർഷികവികസന പദ്ധതികൾ എന്നിവയ്ക്ക് പ്രചരണം നൽകി ബാങ്കുകളുമായി സംയുക്തയോഗങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കളക്‌ടറുടെ നിർദ്ദേശങ്ങൾ.
കർഷകർക്കെതിരായ ജപ്തി നിറുത്താൻ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ നൽകാൻ സാങ്കേതികതടസമുണ്ട്. ഈ സാഹചര്യത്തിലാണ് തുടർ സഹായം മന്ത്രിസഭ ചർച്ച ചെയ്യുന്നത്. കൃഷിവകുപ്പ് ജില്ലാ, പഞ്ചായത്ത് തല യോഗങ്ങൾ വിളിച്ച് കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യും.