തിരുവനന്തപുരം:ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഭൂമിയുടെ കരം സ്വീകരിക്കാനുള്ള നിർദ്ദേശം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ തീരുമാനം മാറ്റിവച്ചു.
മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും അംഗീകാരത്തോടെയാണ് നിർദ്ദേശം അജൻഡയിൽ വന്നതെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായേ കരം സ്വീകരിക്കാവൂ എന്ന് കുറിപ്പിൽ രേഖപ്പെടുത്തുന്നതിൽ പിഴവുണ്ടായി. ചില മന്ത്രിമാർ ഇത് ചൂണ്ടിക്കാട്ടിയതോടെ അപാകത തിരുത്തി അടുത്ത മന്ത്രിസഭായോഗത്തിൽ സമർപ്പിക്കാൻ യോഗം നിർദ്ദേശിക്കുകയായിരുന്നു. ഹാരിസൺ ഉൾപ്പെടെയുള്ള കക്ഷികൾക്ക് ഗുണം ചെയ്യുന്ന നില ഒഴിവാക്കാനാണിത്.
കൊല്ലം,കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ സ്‌പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ഏറ്റെടുത്ത 36,000 ഏക്കർ തോട്ടഭൂമിയുടെ കരം എടുക്കുന്നതാണ് തർക്ക വിഷയം. തോട്ടം സർക്കാർ ഏറ്റെടുത്തതിനെതിരെ കൈവശക്കാർ ഹൈക്കോടതിയെ സമീപിക്കുകയും സ്‌പെഷ്യൽ ഓഫീസറുടെ നടപടി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയുമായിരുന്നു. സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി.
തുടർന്ന് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കക്ഷികളുടെ ഹർജിയിൽ സിവിൽ കോടതിയുടെ തീർപ്പിനു വിധേയമായി കരം സ്വീകരിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. ഈ സാഹചര്യത്തിലാണ് നിർദ്ദേശം മന്ത്രിസഭയിൽ എത്തിയത്.