തിരുവനന്തപുരം: ഉന്നതതലങ്ങളിലെ അഴിമതി നേരത്തേ കേരളത്തിൽ വാർത്തയായിരുന്നെങ്കിൽ ഇപ്പോൾ അത്തരം വാർത്തകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില തലങ്ങളിൽ അഴിമതികളുണ്ട്. അതൊഴിവാക്കാൻ നടപടികളെടുക്കും. അഴിമതി പൂർണമായി നിഷ്കാസനം ചെയ്യാനാണുദ്ദേശ്യം.
പല കാര്യങ്ങളും പറയുമെങ്കിലും ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ആയിരം ദിവസങ്ങൾക്ക് മുമ്പ് വരെയുള്ള പൊതുവായ തോന്നൽ. എന്നാൽ സർക്കാർ ആയിരം ദിവസം പിന്നിടുമ്പോഴത്തെ പ്രത്യേകത, ഇവിടെ ചിലതെല്ലാം നടക്കും എന്ന നിലയുണ്ടായി എന്നതാണ്. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കൂടംകുളം വൈദ്യുതിലൈൻ തുടങ്ങിയവ ഒരു തരത്തിലും നടക്കില്ല എന്ന സ്ഥിതി മാറി. സ്വപ്നം മാത്രമായി തുടർന്നിരുന്ന കോവളം- ബേക്കൽ ജലപാതയുടെ ഒന്നാം ഘട്ടം 2020ൽ പൂർത്തിയാകും. പൊതുവെ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കാനായി.
നാട് നിക്ഷേപ സൗഹൃദമല്ല എന്ന ധാരണയ്ക്ക് മാറ്റമുണ്ടായി. തീരുമാനങ്ങൾ വേഗത്തിലാക്കാൻ ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു. 30 ദിവസത്തിനുള്ളിൽ ഫയലിൽ തീരുമാനം വന്നില്ലെങ്കിൽ തീരുമാനമായതായി കണക്കാക്കുന്ന വ്യവസ്ഥയുണ്ടായി. നേരത്തേ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടിയായിരുന്നെങ്കിൽ ഇപ്പോൾ 160 കോടി ലാഭത്തിലായി. കേന്ദ്രം പൂട്ടാൻ നിശ്ചയിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ പോലും തുറന്നു പ്രവർത്തിപ്പിച്ചു. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ 2018ലെ റാങ്കിംഗിൽ കേരളം പ്രധാന പെർഫോമറായി. കിഫ്ബി വഴി അമ്പതിനായിരം കോടിയുടെ വികസനം പറഞ്ഞ സ്ഥാനത്ത് 41326 കോടിയുടെ പദ്ധതികൾക്ക് അനുമതിയായിക്കഴിഞ്ഞു. കേരള ബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വലിയ മാറ്റവും സഹകരണമേഖലയിൽ കുതിപ്പുമുണ്ടാകും.
സർവതല സ്പർശിയായ സമഗ്രവികസനമാണ് ലക്ഷ്യം. കാർഷികമേഖലയുടെ വികസനം പ്രധാനമാണ്. നെൽവയലിന്റെ വിസ്തൃതി കൂടി. പാലിന്റെയും മുട്ടയുടെയും പച്ചക്കറിയുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നു. 1,03,362 കുടുംബങ്ങൾക്ക് പട്ടയം നൽകി. പരമ്പരാഗതവ്യവസായങ്ങളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടിയെടുത്തു. മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 6.12 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2,57,959 പേർക്ക് ആശ്വാസം നൽകി. ആയിരം ദിവസം പിന്നിടുമ്പോൾ 930 കോടി ഈയിനത്തിൽ വിതരണം ചെയ്തു. ട്രാൻസ്ജെൻഡറുകളോടുള്ള സമീപനം പൊതുവിൽ പ്രശംസിക്കപ്പെട്ടു. ആരോഗ്യമേഖലയിൽ നല്ല നിലയിലുള്ള രോഗീസൗഹൃദ സംവിധാനമായി. സ്ത്രീശാക്തീകരണ നടപടികൾ അംഗീകരിക്കപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നാടിന്റെ സഹകരണവും നാട്ടുകാരുടെ പിന്തുണയും നല്ലപോലെ ലഭിച്ചു.
ഹർത്താൽ നിയന്ത്രിക്കൽ: സർവകക്ഷിയോഗം ഉടൻ
അടിക്കടിയുള്ള ഹർത്താലുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളാണ് ആളുകൾ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. ഇവയെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ ആലോചിക്കാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും യോഗം അടുത്തുതന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.