തിരുവനന്തപുരം: പരീക്ഷാ മൂല്യനിർണയവും ഫലപ്രഖ്യാപനത്തിലെ കാലതാമസവും ഒഴിവാക്കുന്നതിന് ഊന്നൽ നൽകി സർവകലാശാലയുടെ 2019 - 20 വാർഷിക ബഡ്‌ജറ്റ്. പരീക്ഷാമൂല്യനിർണയങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പന്തളം, ആലപ്പുഴ എന്നിവിങ്ങളിൽ കേന്ദ്രീകൃത മൂല്യനിർണയ സംവിധാനമൊരുക്കും. മൂല്യനിർണയം പൂർത്തിയാകുന്നതിനൊപ്പം തന്നെ പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്. ബാബുജാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 470 കോടി വരവും 472 കോടി ചെലവും പ്രതീക്ഷിക്കുന്ന രണ്ട് കോടിയുടെ കമ്മി ബഡ്‌ജറ്റാണ് ഇത്തവണത്തേത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടിയുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനപ്രവർത്തനങ്ങളും നടത്തും.
പ്രമുഖ പണ്ഡിതർ, വിവിധ മേഖലയിലെ പ്രമുഖർ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കുന്നതിനായി സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം സംഘടിപ്പിക്കും. വിരമിച്ച വി.സിമാർ, പ്രോ വിസിമാർ, സ്റ്റാറ്റ്യൂട്ടറി ഓഫീസേഴ്സ് എന്നിവരെ ഉൾപ്പെടുത്തി അഡ്വൈസറി കമ്മിറ്റി രൂപീകരിക്കും. ശ്രീനാരായണ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രബുദ്ധമായ കാമ്പസ് പദ്ധതി നടപ്പാക്കും. സർവകലാശാല ലൈബ്രറിയിൽ രവീന്ദ്ര ടാഗോറിന്റെ മുഴുവൻ കൃതികളും ലഭ്യമാകുന്ന തരത്തിൽ ടാഗോർ നികേതനം ആരംഭിക്കും. സ്‌കൂൾ ഒഫ് ലാംഗ്വേജ് ബിൽഡിംഗിന് ഒ.എൻ.വിയുടെ പേരും സർവകലാശാല ആസ്ഥാനത്തെ സ്‌റ്റുഡന്റ് അമിനിറ്റി സെന്ററിന് കെ.ആർ. നാരായണൻ മെമ്മോറിയൽ സ്‌റ്റുഡന്റ് സെന്റർ എന്നും പേര് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടൂറിസം, ലാറ്റിനമേരിക്കൻ സ്റ്റഡീസ്, റൂറൽ സ്റ്റഡീസ്, ജൈവവൈവിദ്ധ്യ സംരക്ഷണം, അപ്ളൈഡ് അനലിറ്റിക്‌സ് ആൻഡ് ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിൽ എം.എസ്.സി, പബ്ളിക് അഡ്മിനിസ്ട്രേഷൻ, പശ്ചിമേഷ്യൻ സ്റ്റഡീസ് എന്നിവയിൽ എം.എ കോഴ്സുകളും ആരംഭിക്കും.
വിദ്യാർത്ഥി സംരക്ഷണത്തിന്റെ ഭാഗമായി അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും വർഷംതോറും 100 രൂപ വീതം ഈടാക്കി അപകടമരണത്തിന് അഞ്ച് ലക്ഷം രൂപയും അപകട ചികിത്സ, രോഗചികിത്സ എന്നിവയ്‌ക്ക് പരമാവധി ഒരു ലക്ഷം രൂപയും നല്‌കുന്ന പദ്ധതിയും തുടങ്ങും.