ramesh-chennithala

തിരുവനന്തപുരം: മകന്റെ വിവാഹസ‌ത്കാര ചടങ്ങുകൾ വേണ്ടെന്നുവച്ച്, ആ തുക കാസർകോട് ഇരട്ടക്കൊലപാതകത്തിലെ ഇരകളി‍ലൊരാളായ കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിനു നൽകാൻ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാഹാഘോഷം ഒഴിവാക്കിയുള്ള ചെന്നിത്തലയുടെ തീരുമാനം, മേൽക്കൂര ദ്രവിച്ച ഒറ്റമുറിക്കൂരയിൽ കഴിയുന്ന കൃപേഷിന്റെ കുടുംബത്തിന് ആശ്വാസമാകും.

കഴിഞ്ഞ ഞായറാഴ്ച അങ്കമാലിയിലായിരുന്നു ചെന്നിത്തലയുടെ മകൻ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും വിവാഹം. നവദമ്പതികൾക്ക് ഇന്ന് തിരുവനന്തപുരം ഗിരിദീപം ആഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും സ്വീകരണച്ചടങ്ങുകളൊരുക്കി, എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് മരുമകൾ ശ്രീജ ഭ‌ർതൃപിതാവിനോട് ഒരാഗ്രഹം പറഞ്ഞത്: ആഘോഷമൊന്നും വേണ്ട; അതിനുള്ള പണം കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹത്തിനായി അവരുടെ കുടുംബത്തിനു നൽകാം. മരുമകളുടെയും മകന്റെയും ആഗ്രഹം താൻ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്നലെ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല പറഞ്ഞത്. ഡോ.രോഹിതിന്റെ വിവാഹദിവസം രാത്രിയാണ് കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലും രാഷ്‌ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്.