thambanoor


തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ പൊങ്കാലയിലൂടെ ആത്മസമർപ്പണം ചെയ്യുന്ന പുണ്യദിനമായി. ഇന്ന് രാവിലെ 10.15നാണ് ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുവെട്ട്. അതിനായി നാടാകെ വ്രതഭക്തിയോടെ കാത്തിരിക്കുകയാണ്. ലോകത്ത് മറ്റൊരു ആരാധനാലയത്തിലും കാണാത്തത്ര വിപുലമായ ആത്മസമർപ്പണത്തിനാണ് അനന്തപുരിയും പരിസരദേശങ്ങളും വീണ്ടും സാക്ഷ്യംവഹിക്കുന്നത്.
ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ 10.15ന് ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകം നാടാകെ ഒരുക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകരും. ''അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ" മന്ത്രങ്ങളാൽ അനന്തപുരിയുടെ ആകാശവും ഭൂമിയും മുഖരിതമാവും.
അടുപ്പ്‌വെട്ട് ചടങ്ങിനു മുന്നോടിയായി ശുദ്ധപുണ്യാഹം തളിക്കും. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് കൈമാറും. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെ നിന്നു പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോൾ ചെണ്ടമേളം മുഴങ്ങും ഒപ്പം വെടിക്കെട്ടും. ഭക്തവനിതകൾ വായ്‌ക്കുരവകളോടെ ആ മുഹൂർത്തത്തെ എതിരേൽക്കും.
പൊങ്കാലക്കലങ്ങളിൽ പകർന്നുവച്ച വെള്ളം തിളയ്ക്കാൻ പിന്നെ നിമിഷങ്ങളേ വേണ്ടൂ. ദേവിയെ വണങ്ങി തിളച്ച വെള്ളത്തിലേക്ക് ധാന്യമണികൾ സമർപ്പിക്കും.
ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ പൊലീസ് മൈക്കിലൂടെ തീപകരേണ്ട സമയം അറിയിക്കും. പൊങ്കാലക്കലങ്ങളിലേക്ക് ‌മനമുരുക്കിയാണ് ഭക്തർ അരിയും തേങ്ങയും ശർക്കരയും അർപ്പിക്കുന്നത്.

 ജ്വാല എത്തിക്കുന്നത് ഇങ്ങനെ
പണ്ടാര അടുപ്പിൽ നിന്നു പകർന്നെടുക്കുന്ന തീ നിരവധി പന്തങ്ങളിലേക്ക് പകരും. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ ദൂരെ ദിക്കുകളിൽ പൊങ്കാലയിടുന്നവരുടെ അടുക്കൽ വരെ എത്തിക്കും. ഓരോ വഴിയുടെ മുന്നിലും പന്തത്തിൽ നിന്നു തീ പകരാനായി ആളുകൾ കാത്തുനിൽക്കും. ഇങ്ങനെ പകർന്നെടുത്ത തീയാണ് അടുപ്പുകളിൽ ജ്വലിപ്പിക്കുക.

 നിവേദ്യം 2.15ന്
ഉച്ചയ്ക്ക് രണ്ടേകാലിനാണ് പൊ​ങ്കാല നിവേദ്യം. ആ നിമിഷം ആകാശത്തുനിന്നു പൂവർഷമുണ്ടാവും. സെസ്ന വിമാനത്തിലാണ് പൂക്കൾ വർഷിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽനിന്നു പകർന്നെത്തിച്ച തീർത്ഥകണങ്ങൾ 250 ഓളം പൂജാരിമാർ ദേവിയുടെ അനുഗ്രഹമായി തളിക്കും. ഇതോടെ ആത്മനിർവൃതിപൂകിയ മനസുമായി ഭക്തർ വീടുകളിലേക്കു മടങ്ങും.