തിരുവനന്തപുരം:കാസർകോട് ഇരട്ടക്കൊലപാതകത്തെ പറ്റി സർക്കാരിനോട് ഗവർണർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൂടികാഴ്‌ചയ്‌ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് തേടിയത്. അന്വേഷണ പുരോഗതിയും സാഹചര്യങ്ങളും വിശദമാക്കുന്ന റിപ്പോർട്ടാണ് ഗവർണർ ആവശ്യപ്പെട്ടത്.
പൊലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടെന്നും എട്ടുമാസമായി വടക്കൻ മേഖലയിൽ എ. ഡി.ജി.പിയെ നിയോഗിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ഗവണർറുടെ ശ്രദ്ധയിൽ പെടുത്തി. തുടർച്ചയായി അക്രമം നടക്കുന്ന കണ്ണൂർ, ഞായറാഴ്ച അക്രമമുണ്ടായ കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലാണ് എ.ഡി.ജി.പിയെ നിയമിക്കാത്തത്. ഇതിൽ ദുരൂഹതയുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട് പെരിയയിൽ കോൺഗ്രസിന്റെ യുവപ്രവർത്തകരായ കൃപേഷും ശരത്തുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വീട്ടുകാരുടെ ആശങ്കകളും പൊലീസിൽ അവർക്ക് വിശ്വാസമുണ്ടാക്കുന്ന സാഹചര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് ഗവർണറെ ധരിപ്പിച്ചു.
രണ്ട് കൊലപാതകങ്ങളും സി പി എം ആസൂത്രിതമായി ചെയ്തതാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് രണ്ടു യുവാക്കളെ സി.പി.എം വകവരുത്തിയത്. കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥയാണ്. ഈ സർക്കാർ വന്നതിന് ശേഷം നടന്ന 29ാമത്തെ രാഷ്ട്രീയകൊലപാതകം ആണിതെന്നും, കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും ഗവർണറോട് പരാതിപ്പെട്ടതായി രമേശ് ചെന്നിത്തല പിന്നീട് പറഞ്ഞു.