ramesh

തിരുവനന്തപുരം: കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊലപാതകത്തിനായി സി.പി.എം ഗൂഢാലോചന നടത്തി. നേതാക്കൾ അറിയാതെ ഇങ്ങനെ ഒരു കൃത്യം നടക്കില്ല.

പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഡ്യൂപ്ളിക്കേറ്റ് പ്രതികളെ മാത്രമേ കിട്ടൂ. കൊലപാതകവുമായി ബന്ധമില്ലെന്നാണ് തുടക്കം മുതൽ സി.പി.എം പറയുന്നത്. ടി.പിയെയും ഷുക്കൂറിനെയും ഷുഹൈബിനെയും കൊലപ്പെടുത്തിയപ്പോഴും ഇതു തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. തങ്ങളുടെ രണ്ട് ജാഥകൾ നടക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയുന്നവർ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയത്തിന്റെ എ.ബി.സി അറിയാഞ്ഞിട്ടാണോ അത് ചെയ്തത്.

മട്ടന്നൂരിൽ ഷുഹൈബ് വെട്ടേറ്റ് വീണ സ്ഥലത്ത് ഒന്നാം വാർഷിക ദിനത്തിൽ ബോംബേറ് നടത്തി. ഇതിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. കാസർകോട് കൊലപാതകം പാർട്ടി അറിഞ്ഞിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. എങ്കിൽ പാർട്ടി അറിഞ്ഞ് നടത്തിയ കൊലപാതകം ഏതൊക്കെയെന്ന് വ്യക്തമാക്കണം.

സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കലാപത്തിന് എപ്പോഴും സാദ്ധ്യതയുള്ള വടക്കൻ മേഖലയിൽ എ.ഡി.ജി.പി ഇല്ലാതായിട്ട് മാസങ്ങളായി. ഏറാൻമൂളികളെയാണ് പൊലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. എം.വി. ജയരാജനാണ് പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾക്ക് കെ.പി.സി.സി 25 ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് രണ്ടിന് യു.ഡി.എഫ് നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് കുടുംബങ്ങൾക്ക് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.