തിരുവനന്തപുരം: ജമ്മുകാശ്‌മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകാനും ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. വസന്തകുമാറിന്റെ ഭാര്യക്ക് 15ലക്ഷവും മാതാവിന് 10ലക്ഷവുമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു.
സഹായങ്ങൾ ഇങ്ങനെ:
വസന്തകുമാറിന്റെ ഭാര്യയ്‌ക്ക് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് തസ്‌തികയിലെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്തും
ഭാര്യയ്‌ക്ക് 15 ലക്ഷം രൂപയും നൽകും.
വസന്തകുമാറിന്റെ മാതാവിന് 10 ലക്ഷം നൽകും.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.
കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചുനൽകും.
കാട്ടാന ആക്രമണം: മരിച്ച ബിജുവിന്റെ ഭാര്യയ്‌ക്ക് ജോലി
കൊട്ടിയൂർ റേഞ്ചിലെ നരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജു അഞ്ചാനിക്കലിന്റെ വിധവ കത്രീനയ്ക്ക് ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ പാർട്ട്ടൈം സ്വീപ്പറായി നിയമനം നൽകും