വിതുര:പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ കാറിൽ കടത്തികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി തൊളിക്കോട് ജുമാമസ്ജിദിലെ മുൻ ഇമാം ഷെഫീക്ക് അൽഖാസിമിയുടെ അറസ്റ്റ് നീളുന്നതിനിടെ, ആറു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരൻ അറസ്റ്റിലായി.വിതുര ശാസ്താംകാവ് ജയാഭവനിൽ ജി.ശശി ആണ് പിടിയിലായത്.
ഇമാമിന്റെ പീഡനത്തിന് ഇരയായ പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ കൗൺസിലിംഗിനിടെയാണ് ആറു വർഷം മുമ്പ് കെട്ടിട നിർമാണത്തൊഴിലാളിയായ ശശി പീഡിപ്പിക്കാൻ ശ്രമിച്ചത് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കു വന്നപ്പോഴായിരുന്നു പീഡനശ്രമം. മൊഴിയെ തുടർന്ന് വിതുര പൊലീസ് നടത്തിയ അന്വേഷണത്തിനലാണ് ശശിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി.
അതേസമയം, പെൺകുട്ടിയെ കാറിൽ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഷെഫീക്ക് അൽഖാസിമിയെ അറസ്റ്റ്ചെയ്യാൻ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഷെഫീഖ് ബംഗളൂരുവിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും വിഫലമായി. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.