തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി നൽകിയ വിശദീകരണത്തിൽ നിയമോപദേശം തേടാൻ ഇന്നലെ ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു.
കമ്മിഷണർ ബോർഡിന് കൈമാറിയ വിശദീകരണം ബോർഡ് യോഗം വിശദമായി ചർച്ച ചെയ്‌തു. ശുദ്ധിക്രിയയ്‌ക്കെതിരെ സുപ്രീംകോടതിയിൽ കേസുണ്ട്.ഈ സാഹചര്യത്തിൽ ബോർഡ് സ്വയം തീരുമാനമെടുത്താൽ അത് ദോഷകരമാവുമെന്ന അഭിപ്രായമാണ് ചർച്ചയിൽ ഉയർന്നത്. ബോർഡിന്റെ അനുമതി കൂടാതെയാണ് തന്ത്രി ശുദ്ധിക്രിയ നടത്തിയത്. ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസലിന്റെ ഉപദേശം കിട്ടിയശേഷം മതി ഇക്കാര്യത്തിൽ അന്തിമതീരുമാനം എന്ന നിലപാടാണ് മെംബർമാരും പ്രസിഡന്റും കമ്മിഷണറും കൈക്കൊണ്ടത്.
ശബരിമല മാസ്റ്റർ പ്ളാനിലെ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ട് ഉന്നതതല യോഗം ചേർന്നു. പ്ളാനിലെ 18 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളിലായുള്ള ഇടത്താവളങ്ങളുടെ വികസനമാണ് ഇതിൽ പ്രധാനം.കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, സിവറേജ് സൗകര്യം ഏർപ്പെടുത്തുക, തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് പ്രധാനം.അടുത്ത മണ്ഡലകാലത്തിന് മുമ്പായി എല്ലാ ജോലികളും തീർക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവർത്തനം നിരീക്ഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.
അയ്യപ്പൻ കാനനവാസൻ എന്ന സങ്കൽപ്പത്തിന് പ്രാമുഖ്യം നൽകി വനമേഖലയും പരിസ്ഥിതിയും സംരക്ഷിച്ചുള്ള നിർമ്മാണമാവും നടത്തുക.ശബരിമലയിലും പമ്പയിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.739 കോടിയാണ് ശബരിമല വികസനത്തിന് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.മണ്ഡലകാലത്ത് നടവരവിലുണ്ടായ കുറവ് പരിഹരിക്കാൻ 100 കോടിയും സർക്കാർ അനുവദിച്ചിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെംബർമാരായ കെ.പി.ശങ്കരദാസ്,വിജയകുമാർ, ചീഫ് സെക്രട്ടറി ടോംജോസ്, ദേവസ്വം വകുപ്പ് സെക്രട്ടറി ജ്യോതിലാൽ, ഡി.ജി.പി ലോക് നാഥ് ബഹ്റ, അഡിഷണൽ ഡി.ജി.പിമാരായ അനന്തകൃഷ്ണൻ, മനോജ് എബ്രഹാം, ദേവസ്വം കമ്മിഷണർ എൻ.വാസു, ടി.കെ.എ. നായർ, കെ.ജയകുമാർ,ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.