തിരുവനന്തപുരം: കോട്ടയ്ക്കകത്തെ ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയായി ഫുട്പാത്തിൽ പാർക്ക് ചെയ്‌ത രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഒടുവിൽ അധികൃതർ എടുത്തുമാറ്റി. 'കെ.എസ്.ആർ.ടി.സിക്ക് ഫുട്പാത്തിലെ നോ പാർക്കിംഗ് ബാധകമല്ല' എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ജനുവരി 15നാണ് നഗരസഭയുടെ ലൈസൻസുള്ള വഴിയോര കച്ചവടക്കാരുടെ കട സ്ഥിതിചെയ്യുന്ന ഫുട്പാത്തിൽ കണ്ടം ചെയ്യാനുള്ള കെ.എസ്.ആർ.ടി.സി ബസ് അധികൃതർ പാർക്ക് ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയ്‌ക്കകത്തുള്ള വഴിയോര കച്ചവടക്കാരോട് തത്കാലത്തേക്ക് കടകൾ ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 14ന് ഉച്ചയോടെ കച്ചവടക്കാർ കടകളൊഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം രാത്രിയോടെ കടകൾ തിരികെ സ്ഥാപിക്കാനെത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ഫുട്പാത്തിൽ ബസുകൾ പാർക്ക് ചെയ്‌തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ബസുകൾ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഉന്നതാധികാരികൾ നിർദ്ദേശിച്ചതിനാൽ ജീവനക്കാർ ബസുകൾ മാറ്റി സ്ഥാപിക്കാൻ തയ്യാറായില്ല. ഇതിനെതിരെ വഴിയോര കച്ചവടക്കാരുടെ ജീവിത മാർഗം തടസപ്പെടുത്തി പാർക്ക് ചെയ്‌തിരുന്ന ബസുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയനും സേവായൂണിയനും കഴിഞ്ഞ മുപ്പത്തിമൂന്ന് ദിവസമായി സമരത്തിലുമായിരുന്നു. ബസുകൾ എടുത്ത് മാറ്റിയ നടപടിയെ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)​ പ്രസിഡന്റ് പി.എസ്. നായിഡു,​ ജനറൽ സെക്രട്ടറി മൈക്കിൽ ബാസ്റ്റ്യൻ,​ കോട്ടയ്‌ക്കകം ഗോപൻ,​ നേതാക്കളായ കെ.പി. രാജേന്ദ്രൻ,​ സോളമൻ വെട്ടുകാട് തുടങ്ങിയവർ സ്വാഗതം ചെയ്‌തു.