തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ പുതുതായി ഒരുക്കിയ മീഡിയറൂമിൽ. നോർത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിലാണ് അറുപത് മാദ്ധ്യമപ്രവർത്തകർക്ക് ഇരിക്കാവുന്ന സൗകര്യമുള്ള മീഡിയറൂം സജ്ജമാക്കിയിരിക്കുന്നത്. പുതിയ തുടക്കമാണല്ലോ എന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ ആദ്യ വാർത്താസമ്മേളനത്തിലേക്ക് കടന്നത്.
നേരത്തേ സെക്രട്ടേറിയറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന മുറിയാണ് മീഡിയാറൂമിനായി നവീകരിച്ച് സജ്ജമാക്കിയത്. ദൃശ്യമാദ്ധ്യമങ്ങൾക്ക് കൂടി അനുയോജ്യമായ വിധമാണ് ഇവിടെ ശബ്ദസംവിധാനങ്ങളും മറ്റും ക്രമീകരിച്ചിരിക്കുന്നത്.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്നുള്ള കോൺഫറൻസ് ഹാളിലാണ് മുഖ്യമന്ത്രിമാർ പതിവായി മാദ്ധ്യമങ്ങളെ കണ്ടിരുന്നത്. പുതിയ മീഡിയറൂം വന്നതോടെ ഇനി ഇവിടേക്ക് മാദ്ധ്യമങ്ങൾ കടക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം ആരാഞ്ഞ് സെക്രട്ടേറിയറ്റിലെത്തുന്ന മാദ്ധ്യമങ്ങൾക്ക് നോർത്ത്ബ്ലോക്കിന്റെ താഴത്തെ നിലയിൽ തന്നെ പ്രത്യേകസൗകര്യമൊരുക്കാനാണ് പുതിയ മീഡിയറൂം എന്ന് സർക്കാർവൃത്തങ്ങൾ വിശദീകരിച്ചു. ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണിത്. പി.ആർ.ഡി വഴി മുൻകൂട്ടി അറിയിച്ചിട്ടേ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കൂ എന്നും നേരത്തേ ആഭ്യന്തരവകുപ്പ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുകയുണ്ടായി. ആഭ്യന്തരവകുപ്പിന്റെ മാദ്ധ്യമനിയന്ത്രണ സർക്കുലർ നേരത്തേ വിവാദമായതിനെത്തുടർന്ന് ഭേദഗതി വരുത്തുകയുണ്ടായി. നോർത്ത്ബ്ലോക്കിലേക്കും മുഖ്യമന്ത്രിയുടെ കോൺഫറൻസ്ഹാളിലേക്കും മാദ്ധ്യമപ്രവർത്തകരും ക്യാമറാമാന്മാരും കടക്കുന്നതിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നത് നിരന്തരം പരാതിക്കിടയാക്കിയിരുന്നു.