പ്രൊഫഷണൽ മാനേജ്മെന്റ് രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുന്നതിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നത് ഒാർമ്മിപ്പിച്ച് രാജ്യം ഇന്ന് ദേശീയ മാനേജ്മെന്റ് ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ആൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ ഇന്ത്യയൊട്ടാകെയുള്ള 65 പ്രാദേശിക മാനേജ്മെന്റ് അസോസിയേഷൻ ശൃംഖലയിലൂടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു.
പ്രൊഫഷണൽ മാനേജ്മെന്റിന്റെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടി മാനേജ്മെന്റ് ഡെവലപ്്മെന്റ് പ്രോഗ്രാമുകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ എന്നിവ കഴിഞ്ഞ 62 വർഷങ്ങളായി ഐമാ നടത്തിവരികയാണ്. ഫെബ്രുവരി 21 ഐമായുടെ സ്ഥാപകദിനമാണ്. 2007 ൽ ഐമായുടെ കനകജൂബിലി ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയായിരുന്ന ഡോ.എ.പി.ജെ. അബ്ദുൾ കലാമാണ് ഐമാ സ്ഥാപകദിനം ദേശീയ മാനേജ്മെന്റ് ദിനമായി ആചരിക്കണം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. തുടർന്ന് കഴിഞ്ഞ 12 വർഷങ്ങളായി ദേശീയ മാനേജ്മെന്റ് ദിനം വിവിധ പരിപാടികളോടെ രാജ്യമെമ്പാടും ആചരിക്കുകയാണ്.
ഇന്ത്യയ്ക്ക് പ്രൊഫഷണൽ മാനേജ്മെന്റ് രംഗത്ത് വളരെയധികം പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. മൈക്രോ സോഫ്ടിലെ സത്യ നാദല്ല, ഗൂഗിളിലെ സുന്ദർ പിച്ചെ, പെപ്സിയിലെ ഇന്ദ്രനൂയി എന്നീ ഇന്ത്യൻ പ്രൊഫഷണൽ മാനേജർമാരുടെ വിജയഗാഥകൾ അറിയാത്ത ഇന്ത്യക്കാർ ഇന്ന് ചുരുക്കമാണ്. എന്നാൽ എങ്ങനെ അവർക്ക് ഇൗ നേട്ടങ്ങൾ കൈവരിക്കാനായി എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ പ്രസക്തമാണ്. ഇന്ത്യയിലെ യുവാക്കൾ ഏറ്റവും കഠിനമായ മത്സര ചുറ്റുപാടുകളിലൂടെ കടന്നുപോയിട്ടാണ് പ്രൊഫഷണൽ മാനേജർമാർ ആകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രവേശനം തേടുന്നവരിൽ രണ്ട് ശതമാനം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത് എന്നതുതന്നെ മത്സരത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. എന്നാൽ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം, തീക്ഷ്ണമായ മത്സരങ്ങളിലും പരാജയം ഒഴിവാക്കാനുള്ള കഴിവ്, ചുറ്റുപാടുകളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കാനുള്ള കഴിവ് ഇതിനെല്ലാം പുറമേ കഠിനാധ്വാനം ചെയ്യാനുള്ള മനസ് ഇതൊക്കെയാണ് ഇന്ത്യൻ മാനേജർമാരെ മറ്റു രാജ്യങ്ങളിലെ മാനേജർമാരിൽനിന്ന് വ്യത്യസ്ഥമാക്കുന്നത് എന്ന് പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ബിസിനസ് അർത്ഥപൂർണമായ രീതിയിൽ സമൂഹത്തിന് സംഭാവന നൽകണം എന്ന തിരിച്ചറിവാണ് ആധുനിക യുഗത്തിൽ ബിസിനസ് സംരംഭങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കാതെ ഉപഭോക്താക്കൾ, തൊഴിലാളികൾ, ഓഹരി ഉടമകൾ, സമൂഹം എന്നിവയ്ക്ക് കൂടി പ്രയോജനം ലഭിക്കത്തക്ക രീതിയിൽ പ്രവർത്തിക്കണം എന്ന മൈക്കൽ ഇ പോർട്ടറുടെ പങ്കുവയ്ക്കേണ്ട മൂല്യം സൃഷ്ടിക്കുക എന്ന ആശയം ഇന്ന് ലോകമെമ്പാടും ബിസിനസ് സ്ഥാപനങ്ങൾ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സാമ്പത്തിക മാന്ദ്യം നിലനിന്നിരുന്ന 2008 കാലഘട്ടത്തിൽ ചുമതല ഏറ്റെടുത്ത് ഇൗ അടുത്ത കാലത്ത് സ്ഥാനം ഒഴിഞ്ഞ ഇത്തരം നവീനങ്ങളായ ആശയങ്ങളിലൂടെ തങ്ങളുടെ സ്ഥാപനങ്ങളെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ലോകത്തിലെ നാല് പ്രൊഫഷണൽ മാനേജർമാരിൽ ഒന്ന് ഇന്ത്യയുടെ ഇന്ദ്രനൂയി ആണ് എന്നത് ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്ന ഒരു കാര്യമാണ്.