ന്യൂഡൽഹി: ബോളിവുഡ് താരങ്ങളെ കുടുക്കി കോബ്രാപോസ്റ്റിന്റെ ഒളികാമറാ ഓപറേഷൻ. ഓപറേഷൻ കരോകെ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ പരമ്പരയിൽ പണം വാങ്ങി രാഷ്ട്രീയ പാർട്ടികളുടെ ആശയം പ്രചരിപ്പിക്കാൻ തയ്യാറാകുന്ന 36 സെലിബ്രറ്റികളാണ് കുടുങ്ങിയത്.
നടി-നടന്മാരും സംവിധായകരും ഗായകരും ഉൾപ്പെട്ട അറുപത് മിനുട്ട് വീഡിയോയാണ് കോബ്രാപോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. പണം നൽകിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങൾ തങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിക്കാമെന്ന് താരങ്ങൾ സമ്മതിക്കുന്നുണ്ട്. സണ്ണി ലിയോൺ, ജാക്കി ഷറോഫ്, ശക്തി കപൂർ, വിവേക് ഒബ്റോയ് തുടങ്ങിയ പ്രമുഖരാണ് പണത്തിന് വേണ്ടി പാർട്ടികളുടെ പി.ആർ ജോലി ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്.
ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ പി.ആർ ഏജന്റുമാരെന്ന വ്യാജേനയാണ് കോബ്രാപോസ്റ്റ് താരങ്ങളെ സമീപിച്ചത്.