നെടുമ്പാശേരി: വനിതാ ഡോക്ടറെ ബന്ദിയാക്കി 90 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ വജ്രമാലയും 70,000 രൂപയും കവർന്ന കേസിൽ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഡോക്ടറുടെ വീടിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള സ്വദേശികളായ ചിലരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ 16 നാണ് അത്താണി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം തനിച്ച് താമസിക്കുന്ന ഡോക്ടർ ഗ്രെസ് മാത്യുവിനെ ബന്ദിയാക്കി സ്വർണവും വജ്ര മാലയും പണവും മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം കവർന്നത്. ഡോക്ടറുടെ വീടുമായി ബന്ധമുള്ളവരെ ഉൾപ്പെടെ 35 ഓളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. സമീപ പ്രദേശങ്ങളിലെ പതിനഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. തുടർന്നാണ് പൊലീസിന് കവർച്ചക്കാരെ സംബന്ധിച്ച സൂചനകൾ ലഭ്യമായത്. രണ്ട് ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വിരലടയാള വിദഗ്ദ്ധരുടെ സഹായവും ലഭ്യമാക്കിയിരുന്നു. ശാസ്ത്രീയ തളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഡോക്ടറുടെ ഭർത്താവ് ഡോ. മാത്യു വിദേശത്തും ഏക മകൻ ഡോ. അജിത്ത് മുംബയിൽ മർച്ചന്റ് നേവിയിലുമാണ് ജോലി ചെയ്യുന്നത്. അർദ്ധരാത്രി അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ കവർച്ചാ സംഘം വീടിന്റെ പിൻഭാഗത്ത് കൂടി രക്ഷപ്പെടുകയായിരുന്നു. ആലുവ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ ചെങ്ങമനാട് എസ്.ഐ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടുള്ള എസ്.ഐ റിലീവ് ചെയ്യുന്നതിന് മുമ്പ് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ്.

അതേസമയം, നെടുമ്പാശേരി, ചെങ്ങമനാട് മേഖലകളിൽ അടുത്ത കാലത്ത് നടന്ന ഒറ്റ മോഷണക്കേസുകളിൽ പോലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അത്താണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച നടന്നിട്ട് രണ്ട് വർഷത്തിലേറെയായി. ഇതുവരെ പ്രതികളെ സംബന്ധിച്ച ഒരു തുമ്പും ലഭിച്ചില്ല. മോഷണം വ്യാപകമായപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് മേഖലയിലെ പ്രധാന കവലകളിലെല്ലാം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാണ് മോഷണം തടഞ്ഞത്.