nemon-railway-station

നേമം: തിരുവനന്തപുരം - കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ആദ്യ ഘട്ടമായ തിരുവനന്തപുരം പള്ളിച്ചൽ പാതയുടെ അലൈൻമെന്റ് സ്കെച്ച് ദിവസങ്ങൾക്കുള്ളിൽ തയാറാക്കുവാനുള്ള ശ്രമത്തിലാണ് അധികൃതർ. ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ.കെ. കുൽ ശ്രേഷ്ഠ കഴിഞ്ഞ ആഴ്ച തിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ സന്ദർശിച്ച സമയം നേമം റെയിൽവേ കോച്ചിംഗ് ടെർമിനലായി ഉയർത്തുന്നതിനുള്ള നടപടികളും സ്ഥലം ഏറ്റെടുക്കൽ റെയിൽവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതും വികസന പ്രവർത്തനത്തിന് വേഗത കൂട്ടി. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കൺസ്ട്രക്ഷ‌ൻ വിഭാഗവും ലാൻഡ് അക്വിസിഷൻ ആൻഡ് സ്പെഷ്യൽ തഹസിൽദാർ ഓഫീസും ചേർന്ന് നടത്തുന്ന ജോയിന്റ് വെരിഫിക്കേഷൻ തിരുവനന്തപുരത്തു നിന്നും നേമം വരെ എത്തി.

കഴിഞ്ഞ സെപ്തംബറിൽ ലാൻഡ് അക്വിസിഷനുള്ള സ്പെഷ്യൽ തഹസിൽദാർ ഓഫീസ് സംസ്ഥാന സർക്കാർ ആരംഭിച്ചുവെങ്കിലും സർക്കാരിൽ നിന്നും ഭരണാനുമതി ലഭിച്ചത് കഴിഞ്ഞ മാസമാണ്. തഹസിൽദാർ കൂടാതെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, സർവേയർ തുടങ്ങി 15 പേർ ഈ ഓഫീസിലുണ്ട്. തിരുവനന്തപുരം മുതൽ പാറശാല വരെയുള്ള റെയിൽപാത കടന്നു പോകുന്ന സ്ഥലങ്ങളിൽ ഓഫീസ് അധികൃതരും റെയിൽവേ ഉദ്യോഗസ്ഥരും സംയുക്തമായി പഠനം നടത്തി അലൈൻമെന്റ് തയാറാക്കുന്നത്. റെയിൽവേ നൽകുന്ന നഷ്ടപരിഹാര തുക വിതരണം ചെയ്യുക, കൈയേറ്റങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് ഓഫീസിന്റെ മറ്റ് പ്രവർത്തനങ്ങൾ.

തൈക്കാട്, നേമം, പള്ളിച്ചൽ, തിരുമല വില്ലേജുകളിലായി ഏകദേശം 15 ഹെക്ടർ സ്ഥലം ആദ്യഘട്ട റെയിൽ വികസനത്തിന് വേണ്ടി വരും. റെയിൽ പാതയുടെ മദ്ധ്യത്തു നിന്നും വടക്ക് ഭാഗത്തേയ്ക്ക് (തിരുവനന്തപുരത്തു നിന്നുമുള്ള പാതയുടെ ഇടത് ഭാഗം) 10 മുതൽ 25 വരെ മീറ്റർ സ്ഥലവും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.