crime

കാസർകോട്: കാസർകോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശക്തമായ അന്വേഷണം നടത്തി കൊലയാളികളെ പിടികൂടുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും അന്വേഷണത്തിൽ ഉന്നതതല ഇടപെടൽ ഉണ്ടാകുന്നുവെന്ന ആക്ഷേപമുയരുന്നു. പുറത്തുനിന്നുള്ളവരുടെ പങ്ക് മറച്ചുവയ്ക്കാനുള്ള ശ്രമം പിടിയിലായവരുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ സജീവമാണെന്ന സംശയമാണ് ഉയരുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനുമേൽ സമ്മർദ്ദം ഉണ്ടെന്നും ആരോപണമുണ്ട്.

കൊലപാതകം നടന്ന ദിവസത്തെ ആദ്യനിലപാടുകൾ തിരുത്തിയ പൊലീസ് മലക്കം മറിയുകയാണെന്ന് ആക്ഷേപമുണ്ട്. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കൊലപാതകം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവിട്ട പൊലീസ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റോടെ നിലപാടുകൾ തിരുത്തുകയാണെന്ന ആരോപണമാണ് ഉയരുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രാദേശികതലത്തിൽ ആണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണത്രേ നടക്കുന്നത്.

കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ ഞായറാഴ്ച വൈകിട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ടത്. സംഭവം സി.പി.എം പ്രവർത്തകർ നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സി.പി.എം, പാർട്ടിക്കാരായ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പാർട്ടി പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പാർ‌ട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പീതാംബരന് പുറമെ ആറുപേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവരുടെയെല്ലാം മൊഴി പറഞ്ഞുപഠിപ്പിച്ചതിന് സമാനമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊലപാതകം നടത്തിയത് തങ്ങൾ തന്നെയാണെന്നും കൊല നടത്താനുള്ള വടിവാൾ ഉൾപ്പെടെ ആയുധങ്ങൾ സംഘടിപ്പിച്ചത് തങ്ങൾ മാത്രമാണെന്നുമാണ് പ്രതികളുടെ മൊഴിയെന്നാണ് പുറത്തുവരുന്ന വിവരം.

വെട്ടിയത് താനാണെന്നാണ് പീതാംബരന്റെ മൊഴി. കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്നും പിടിയിലായ ചിലർ മൊഴി നൽകിയിട്ടുണ്ട്. കൂടുതലൊന്നും വെളിപ്പെടുത്താനോ അന്വേഷണവുമായി സഹകരിക്കാനോ ഇവർ തയ്യാറാകുന്നില്ലെന്നും പറയുന്നു. ഇത് കൊലപാതകത്തിലെ പുറത്തുനിന്നെത്തിയവരുടെ പങ്ക് മറച്ചുവയ്ക്കാനാണോയെന്ന സംശയമാണ് ഉയരുന്നത്.

അന്വേഷണം ഇപ്പോൾ കസ്റ്റഡിയിലുള്ള കല്യോട് സമീപവാസികളിൽ ഒതുക്കുമോയെന്നാണ് കോൺഗ്രസ് സംശയം പ്രകടിപ്പിക്കുന്നത്. അന്വേഷണം അട്ടിമറിക്കുമോ എന്ന സംശയവും കോൺഗ്രസ് ഉന്നയിച്ചിരുന്നു.

കണ്ണൂർ പയ്യന്നൂർ ഭാഗത്തു നിന്നുള്ള ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൊലയാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് വിവരം നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു. എന്നാൽ അതൊന്നും ഇപ്പോൾ അന്വേഷണത്തിൽ വിഷയമേയല്ലെന്നാണ് ആരോപണം ഉയരുന്നത്. കാറിൽ എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് കൊലപാതകം നടത്തിയതെന്ന വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കൊലയാളി സംഘം വാഹനങ്ങളിൽ പോകുന്നത് കണ്ടവർ കല്ല്യോട്ട് തന്നെയുണ്ട്. അവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കല്ല്യോട്ട് കൂരാങ്കരയിൽ ശരത്തിന്റെ വീട് എത്തുന്നതിന് മുമ്പ് റോഡ് ബ്ലോക്ക് ചെയ്താണ് ബൈക്ക് ഇടിച്ചിട്ടു ഇരുവരെയും വെട്ടിയതെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കല്ല്യോട്ട് മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണ യോഗം നടന്ന ഞായറാഴ്ച രാവിലെ മുതൽ കൊലയാളി സംഘം ശരത്തിന്റെയും കൃപേഷിന്റേയും പിന്നാലെ ഉണ്ടായിരുന്നു. ഒത്തുവന്നാൽ പട്ടാപകൽ തന്നെ വെട്ടാമെന്ന കണക്കുകൂട്ടലിലാണ് വാഹനത്തിൽ ഇവർ കല്ല്യോട്ടും പരിസരങ്ങളിലും കറങ്ങിയതെന്നും സൂചനയുണ്ട്.

കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

നേരത്തെയും പ്രതി

അറസ്റ്റിലായ പീതാംബരൻ നേരത്തെയും കേസുകളിൽ പ്രതിയാണ്. മുരിയനം മഹേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്, വാദ്യകലാ സംഘം ഓഫീസ്, വീട് എന്നിവ കത്തിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. പ്രതികളെ വെവ്വേറെ നിർത്തിയുള്ള ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രചാരണം ശക്തമാക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് കൊല്ലപ്പെട്ട യുവാക്കളുടെ വീടുകൾ സന്ദർശിച്ചു. കാസർകോട് സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിക്കുന്ന ഉപവാസം അദ്ദേഹം ഉദ്ഘാടനം ചെയ്യും.