murder

ആലുവ: പെരിയാറിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലചെയ്യപ്പെട്ട യുവതി ആരെന്നോ കൊലപാതകികൾ ആരെന്നോ തിരിച്ചറിയാനാകാതെ വട്ടംകറങ്ങി പൊലീസ്. കൊലപാതകം നടന്നത് കാക്കനാടാണെന്നും പുതപ്പ് കളമശേരിയിൽ നിന്നാണ് വാങ്ങിയതെന്നും നേരത്തെ വ്യക്തമാക്കിയ പൊലീസ്, ഒടുവിൽ മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങൾ പുറത്തുവിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അവസാനവട്ട ശ്രമത്തിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് യു.സി. കോളേജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയോട് ചേർന്നുള്ള കടവിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എന്നാൽ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് കളമശേരിയിലെ കടയിൽ നിന്നും വാങ്ങിയതാണെന്നും ഒരു തടിച്ച സ്ത്രീ ഉൾപ്പെടെ രണ്ട് പേരെത്തിയാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തിയതായി പൊലീസ് പുറത്തുവിട്ടിരുന്നു. കൊലപാതകികളിലൂടെ മരിച്ചയാളെ കണ്ടെത്താനായിരുന്നു ശ്രമം. ഇത് രണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. വസ്ത്രങ്ങൾ വഴി യുവതിയെ തിരിച്ചറിയാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. 'ആപ്പിൾ' എന്ന് വെള്ള നിറത്തിൽ എംബ്രോയ്ഡറി ചെയ്ത താര കമ്പനിയുടെ പച്ച നിറമുള്ള ത്രീഫോർത്ത് ലോവർ, ഓക്ക് വാലി കമ്പനിയുടെ നീല കളർ ടോപ്പ് എന്നീ വസ്ത്രങ്ങളാണ് യുവതി ധരിച്ചിരുന്നത്.

ഒരു വർഷം മുമ്പ് വരെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. നിരവധി പേർ യുവതിയെ തിരിച്ചറിയാനായി ഫോൺവിളിക്കുകയും വരികയും ചെയ്‌തെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. നിലവിൽ യുവതിയെ കൊണ്ടു വന്നെന്ന് കരുതുന്ന കാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.