നെയ്യാറ്റിൻകര: കേരള നവോത്ഥാന മുന്നേറ്റത്തിന്റെ പ്രതീകമായി ശ്രീനാരായണഗുരു അരുവിപ്പുറത്ത് മഹാശിവലിംഗ പ്രതിഷ്ഠ നടത്തിയതിന്റെ നൂറ്റിമുപ്പത്തിയൊന്നാമത് വാർഷികവും ശിവരാത്രി മഹോത്സവവും 23 മുതൽ മാർച്ച് 4 വരെ നടക്കും. 23ന് വൈകിട്ട് 6.15ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ മഹോത്സവത്തിന് കൊടിയുയർത്തുമെന്ന് ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് രാത്രി 7ന് നടക്കുന്ന പ്രതിഷ്ഠാവാർഷിക സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായിരിക്കും. മുൻ മന്ത്രിമാരായ അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 24 ന് രാത്രി 7 ന് ‘മാനസിക അടിമത്വത്തിൽനിന്നുള്ള മോചനം അരുവിപ്പുറം പ്രതിഷ്ഠയിലൂടെ’ എന്ന വിഷയത്തിൽ നടക്കുന്ന പരിപാടി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. 25ന് രാത്രി ഏഴിന് ‘നവസമൂഹസൃഷ്ടിക്ക് അമ്മമാരുടെ സ്വാധീനം ഗുരുവിന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായിരിക്കും. മന്ത്രി എം.എം. മണി മുഖ്യാതിഥിയാകും. 26ന് രാത്രി ഏഴിന് ‘കേരള നവോത്ഥാനത്തിന് അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരിക്കും. മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥി. ശശി തരൂർ എം.പി. പങ്കെടുക്കും. 27ന് രാവിലെ 8 ന് അഖണ്ഡശാന്തിഹോമം. 28ന് രാത്രി ഏഴിന് നടക്കുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ, വി.എസ്.എസ്.സി മുൻ ഡയറക്ടർ എം. ചന്ദ്രദത്തൻ, എം.വി. ശ്രേയാംസ്‌കുമാർ, പാണക്കാട് സെയിദ് സാദിഖലി ശിഹാബ്തങ്ങൾ, മേലാങ്കോട് സുധാകരൻ, തഹസിൽദാർ കെ. മോഹനകുമാർ എന്നിവർ പങ്കെടുക്കും. മാർച്ച് ഒന്നിന് രാത്രി 7.30 ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കാരം. രണ്ടിന് രാവിലെ 10.30ന് പാരായണ മത്സരം, രാത്രി 7.30ന് കലാസന്ധ്യ. മൂന്നിന് രാവിലെ 11ന് സാംസ്‌കാരിക സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായിരിക്കും. മുൻ ചീഫ് സെക്രട്ടറി ബാബുപോൾ മുഖ്യതിഥിയാകും. വൈകിട്ട് 4ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷികം സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. എസ്.എൽ. ബിനു അദ്ധ്യക്ഷനായിരിക്കും. നാലിന് രാവിലെ 11 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അദ്ധ്യക്ഷയായിരിക്കും. വൈകിട്ട് 6.30ന് ശിവരാത്രി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷൻ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു എന്നിവർ മുഖ്യാതിഥികളാകും. രാത്രി ഒന്നു മുതൽ 1008 കുടത്തിൽ അഭിഷേകം. മാർച്ച് അഞ്ചിന് രാവിലെ നാലിന് ആറാട്ടിനെഴുന്നള്ളിപ്പ്, ഏഴിന് ബലിതർപ്പണത്തോടെ ഉത്സവം സമാപിക്കും. പത്രസമ്മേളനത്തിൽ അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷും പങ്കെടുത്തു.