കൊല്ലം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോകവെ വാഹനാപകടത്തിൽ അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം. ഇന്ന് രാവിലെ ആറോടെ കൊല്ലം കർബല ജംഗ്‌ഷനും ചെമ്മാംമുക്കിനുമിടയിൽ ഭാരതരാജ്ഞി പള്ളിക്ക് മുന്നിലായിരുന്നു അപകടം. കൊല്ലം ഉളിയക്കോവിൽ കാവടിപ്പുറം നഗർ കാവടി കിഴക്കതിൽ (ഹൗസ് നമ്പർ 62) ജലജ മണികണ്‌ഠൻ (50), ഇളയ മകൾ ആര്യ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ജലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആര്യയെ മേവറം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയെങ്കിലും രാവിലെ ഒമ്പതോടെ മരിച്ചു. കടപ്പാക്കട ഭാഗത്ത് നിന്ന് സ്‌കൂട്ടറിൽ കൊല്ലം റെയിൽവേ സ്‌റ്രേഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ആര്യയാണ് സ്‌കൂട്ടർ ഓടിച്ചത്. ആര്യയെ തിരുവനന്തപുരത്ത് വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ യാത്ര ദുഷ്‌കരമായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ജലജയുടെ ഭർത്താവ് മണികണ്‌ഠൻ ചിന്നക്കടയിൽ ലോഡിംഗ് തൊഴിലാളിയാണ്. അരിപ്പൊടിയും മറ്ര് സാധങ്ങളും പാക്കറ്റിലാക്കി കടകളിൽ എത്തിക്കുന്ന ഇടത്തരം സംരംഭം നടത്തി വരികയായിരുന്നു ജലജ. മറ്റൊരു മകൾ: ആതിര. ആര്യയുടെ ഭർത്താവ് ശ്രീജിത്ത്, മകൻ അദ്വൈത്.