വിഴിഞ്ഞം: യുവ കർഷകൻ വെങ്ങാനൂർ കിടാരക്കുഴി വിജയവിലാസത്തിൽ ജെ.എസ്. സജുവാണ് നാലാം തവണയും ക്ഷീര സഹകാരി അവാർഡ് നേടി. 2017-18 വർഷത്തിൽ 322928 ലീറ്റർ പാൽ ഉല്പാദിപ്പിച്ച് നൽകിയാണ് ക്ഷീര വികസന വകുപ്പിൻ കീഴിലെ തിരുവനന്തപുരം മേഖലയിൽ സജു ക്ഷീരസഹകാരി അവാർഡ് നേടിയത്. 50,000 രൂപയാണ് അവാർഡ് തുക. സജുവിന്റെ പിതാവ് ജയധരനും ക്ഷീരസഹകാരി അവാർഡ് നേടിയിട്ടുണ്ട്.
ബിരുദധാരിയായ സജു തന്റെ വിദ്യാഭ്യാസത്തിനിടയിലും പിതാവിനോടൊപ്പം കാലികളെ പരിചരിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു. ഇപ്പോൾ 100-ലധികം പശുക്കളും, 20 - ലധികം എരുമകളും ഉൾപ്പെടെ 200-ഓളം കാലികളിൽ നിന്നും ദിനംപ്രതി 1200-ലധികം ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. മുഴുവൻ പാലും സജു ഉച്ചക്കട ക്ഷീരവികസന സംഘത്തിലാണ് നൽ കുന്നത്.
അന്യസംസ്ഥാനക്കാരയ നാല് തൊഴിലാളികളും സ്വദേശികളായ രണ്ട് തൊഴിലാളികളും സജുവിനെ സഹായിക്കുന്നുണ്ട്. യന്ത്ര സഹായമൊന്നുമില്ലാതെയാണ് പാൽ മുഴുവനും കറന്നെടുക്കുന്നത്. രാവും പകലും അദ്ധ്വാനിച്ചാലേ ഇത്രയും കാലികളെ പരിചരിക്കാനാകൂവെന്ന് സജു പറയുന്നു. ഭാര്യ അജിതയും സജുവിനൊപ്പം കാലികളെ പരിചരിക്കുമായിരുന്നു.വിവിഹാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും കുഞ്ഞുങ്ങളില്ലായിരുന്ന ദമ്പതികൾക്ക് ഏഴ് മാസങ്ങൾക്ക് മുമ്പ് അനശ്വര, ആദിത്യ എന്നീ ഇരട്ട കുഞ്ഞുങ്ങൾ പിറന്നതും ഇവർ ഒരു ഭാഗ്യമായി കരുതുന്നു.