minister

നെയ്യാറ്റിൻകര: ലോകത്ത് നവോത്ഥാനത്തിന് ആദ്യം തുടക്കം കുറിച്ചത് ക്രിസ്തുദേവനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രണ്ടായിരം വർഷം മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും ചാട്ടവാർ വീശിയ നവോത്ഥാന നായകനാണ് ക്രിസ്തുവെന്നും മന്ത്രി പറഞ്ഞു.
കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന സൗഹൃദ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത് കേരളത്തിൽ ആചാരലംഘനത്തിന്റെ
ആദ്യരൂപമാണ്. ഇത്തരത്തിലുള്ള പല ആചാരലംഘനങ്ങളിലൂടെയാണ് കേരള സമൂഹം ഇന്നനുഭവിക്കുന്ന
സമത്വവും സ്വതന്ത്ര്യവും നേടിയത്. ക്രിസ്തുമതം കാലോചിതമായ മാ​റ്റങ്ങൾ ഉൾക്കൊണ്ടാണ് ശക്തിയാർജ്ജിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ബാലരാമപുരം വലിയപള്ളി ഇമാം അൽഹാജ് പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വമി സാന്ദ്രാനന്ദ, കിടാരക്കുഴി ഇടവക വികാരി ഫാ. ജോർജ്കുട്ടി ശാശേരി, ഇടവക വികാരി ഫാ. ജോയി മത്യാസ് തുടങ്ങിയവർ സംസാരിച്ചു.