തിരുവനന്തപുരം: ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ കാൽ തെന്നി വീണ് മുങ്ങിത്താഴ്ന്നയാളെ പൊലീസുകാരൻ രക്ഷപ്പെടുത്തി. ആലപ്പുഴ നൂറനാട് സ്വദേശി അജയനെയാണ് (40) ക്രെെംബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. അബ്ദുൾ കബീർ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭാര്യയ്ക്കും രണ്ട് മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ചൊവ്വാഴ്ച എത്തിയ അജയൻ വൈകിട്ട് 6.30ഓടെ കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തി. കുട്ടികളെ കുളിപ്പിച്ച് കരയിലിരുത്തിയ ശേഷം കുളിക്കാനിറങ്ങിയ അജയൻ കാൽതെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു. ഇത് കണ്ട് സ്ത്രീകളും കുട്ടികളും നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന അബ്ദുൽ കബീറും മറ്റ് പൊലീസുകാരും കുളത്തിനടുത്തെത്തിയത്. ഉടനേ ബൂട്ട്സ് അഴിച്ച് മാറ്റിയ ശേഷം 40 അടിയോളം ആഴമുള്ള കുളത്തിൽ അബ്ദുൽ കബീർ എടുത്ത് ചാടി. നിമിഷങ്ങൾക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു. കുളത്തിൽ വഴുതി വീണപ്പോൾ കുളത്തിന്റെ നടുഭാഗത്തേക്ക് നീന്താൻ അജയൻ ശ്രമിച്ചതാണ് മുങ്ങിത്താഴാൻ കാരണമെന്ന് കൊട്ടാരക്കര സ്വദേശിയായ കബീർ പറഞ്ഞു.