oo

നെയ്യാറ്റിൻകര: കഞ്ചാവും മദ്യവും ഉപയോഗിക്കരുതെന്ന് അദ്ധ്യാപകർ വിലക്കിയ വിരോധം കാരണം സ്‌കൂൾ ആക്രമിക്കുകയും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്‌ത പൂർവ വിദ്യാർത്ഥി ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. സംഭവശേഷം ഒളിവിലായിരുന്ന ആങ്കോട് പാൽക്കുളങ്ങര ബുദ്ധൻ ചേരമനെയാണ് (20) മാരായമുട്ടം പൊലീസ് അറസ്റ്റുചെയ്‌തത്. 2017 ഒക്ടോബർ 8ന് രാത്രിയായിരുന്നു സംഭവം. മറ്റു പ്രതികളെ സംഭവത്തിനുശേഷം ഒരാഴ്ചക്കുള്ളിൽ അറസ്റ്റുചെയ്‌തിരുന്നു. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വാഹനവും കെട്ടിടങ്ങളും കൃഷിയും നശിപ്പിച്ച ശേഷം റോഡരികിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കൊടിമരങ്ങളും ബോർഡുകളും ഇവർ തകർത്തിരുന്നു. സി.പി.എം ​- ബി.ജെ.പി സംഘർഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനാവൂർ മുതൽ കുന്നത്തുകാൽ വഴി വണ്ടിത്തടം വരെ എട്ടു കിലോമീറ്റർ ദൂരം കൊടിമരം നശിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം നാട്ടിലെത്താനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ആനാവൂർ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ബുദ്ധനെയും കൂട്ടാളികളയും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതിൽ നിന്നു വിലക്കിയതോടെയാണ് അദ്ധ്യാപകരോടും സ്‌കൂളിനോടും ഇവർക്ക് കടുത്ത പകയുണ്ടായത്. തുടർന്ന് ഇയാളെയും മറ്റു സുഹൃത്തുക്കളയും താത്കാലികമായി ക്ലാസിൽ കയറുന്നത് വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പിതാവ് ഗാന്ധിയൻ ബാബുവിന്റെ നേതൃത്വത്വത്തിൽ സ്‌കൂളിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തി. പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടലിൽ സമരം അവസാനിപ്പിച്ചു. എന്നാൽ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയ ബുദ്ധൻ കൂട്ടുകാർക്കൊപ്പം സ്‌കൂൾ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിനിടെ ഒരുതവണ സ്‌കൂൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ തിരികെപ്പോയി. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് സ്‌കൂളിലെ സുഹൃത്തുക്കൾക്കൊപ്പം സ്‌കൂൾ ആക്രമിക്കാനെത്തിയത്. മയക്കുമരുന്ന് കേസിലും പോസ്‌കോ കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി മാരായമുട്ടം പൊലീസ് പറഞ്ഞു. മാരായമുട്ടം എസ്.ഐ എം.ആർ. മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഗ്ലിസ്റ്റൻ പ്രകാശ്, സീനിയർ സി.പി.ഒ സനൽകുമാർ, ക്രിസ്റ്റഫർ ജോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്‌തത്. ബുദ്ധനെ ഇന്ന് കോടതിയിൽ ഹാജരാക്കും.