തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപം ഒരേക്കർ സ്ഥലത്ത് നാല് നിലകളുള്ള കെട്ടിടം. 64 മുറികളിലായി 620 പേർക്ക് താമസിക്കാം. മാസവാടക വെറും 800 രൂപ. അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള രാജ്യത്തെ ആദ്യ പാർപ്പിട സമുച്ചയമായ 'അപ്നാഘറിന്റെ' വിശേഷങ്ങളാണിവ. 23ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർപ്പിടം തുറന്ന് കൊടുക്കും. ആധാർകാർഡ്, തൊഴിൽ സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ രേഖ, തുടങ്ങിയ രേഖകൾ ഹാജരാക്കുന്ന പുരുഷന്മാർക്ക് ഇവിടെ താമസിക്കാം. ഹോസ്റ്റൽ മാതൃകയിലുള്ള ഒരു മുറിയിൽ പത്ത് പേർക്ക് താമസിക്കാം.
തൊഴിൽ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല. വൃത്തിയാക്കാൻ പ്രത്യേക ഏജൻസിയെയും നിയോഗിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും ഇത്തരം ഹോസ്റ്റലുകൾ തുടങ്ങാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് രാമനാട്ടുകര, കിനാലൂർ, എറണാകുളം ജില്ലയിൽ കളമശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഏക്കർ സ്ഥലം വീതം വാങ്ങിയിട്ടുണ്ട്. രാമനാട്ടുകരയിലെയും കളമശ്ശേരിയിലെയും ഹോസ്റ്റൽ നിർമ്മാണത്തിനുള്ള ഡി.പി.ആർ തയ്യാറാക്കിവരികയാണ്. മറ്റു ജില്ലകളിൽ സ്ഥലം കണ്ടെത്താൻ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമുക്തഭടന്മാർക്ക് വേണ്ടി സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുള്ള 'കെക്സ്ടോൺ' എന്ന ഏജൻസിക്കാണ് 24 മണിക്കൂർ സെക്യൂരിറ്റി ചുമതല
സൗകര്യങ്ങൾ
44,000 ചതുരശ്രഅടി വിസ്തീർണം
നിർമ്മാണ ചെലവ് 8.5 കോടി
32 അടുക്കള
96 ബാത്ത് റൂമുകൾ
എട്ട് ഡൈനിംഗ് ഹാളുകൾ
.
'അന്യസംസ്ഥാന തൊഴിലാളികളോടുള്ള സംസ്ഥാനസർക്കാരിന്റെ കരുതലിന്റെ ഭാഗമാണ് അപ്‌നാ ഘർ. കോഴിക്കോട്ടും എറണാകുളത്തും ഇതേ മാതൃകയിൽ പാർപ്പിട സമുച്ചയം സജ്ജമാക്കുന്നുണ്ട്. മറ്റ് പല ക്ഷേമപദ്ധതികളും ഈ വിഭാഗം തൊഴിലാളികൾക്കായി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
-മന്ത്രി ടി.പി. രാമകൃഷ്ണൻ