തിരുവനന്തപുരം:പൊങ്കാല ദിനത്തിൽ കൊലപാതക രാഷ്ട്രീയത്തിനും ഹർത്താലിനുമെതിരെ പൊങ്കാലക്കലങ്ങളിൽ പ്രതിഷേധം തിളച്ചു. വിഴിഞ്ഞം പദ്ധതിക്കും സ്ഥിരനിയമനത്തിനും വേണ്ടിയും പൊങ്കാല തിളച്ചു.
കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് 'കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാൻ, കണ്ണുതുറക്കട്ടെ കരളലിയട്ടെ, പിണറായിക്ക് നേർബുദ്ധി തെളിയട്ടെ'എന്ന ബാനർ ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ പൊങ്കാല സമർപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ചിത്ര, ലീന, ഷൈനി എന്നിവരുടെ നേതൃത്വത്തിൽ 11 കലത്തിലാണ് പൊങ്കാലയിട്ടത്. പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ശശി തരൂർ എം.പി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും ഹൃദയത്തിൽ തട്ടിയ സംഭവമാണ് കാസർകോട്ടെ യുവാക്കളുടെ കൊലപാതകമെന്നും അതിലുള്ള പ്രതിഷേധവും കുടുംബത്തിനു വേണ്ടിയുള്ള പ്രാർത്ഥനയുമാണ് ഇൗ പൊങ്കാലയെന്ന് ശശി തരൂർ പറഞ്ഞു.
പിരിച്ചുവിട്ട എം പാനൽ കണ്ടക്ടർമാരുടേതായിരുന്നു സെക്രട്ടറിയേറ്റ് പടിക്കലെ മറ്റൊരു പ്രതിഷേധ പൊങ്കാല. എം പാനൽ സമരസമിതി നേതാവ് ജീനയുടെ നേതൃത്വത്തിൽ 39 വനിതാ ജീവനക്കാരാണ് സങ്കടപൊങ്കാല സമർപ്പിച്ചത്.
വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നീളുന്നതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം മദർ പോർട്ട് ആക്‌ഷൻ സമിതി സെക്രട്ടേറിയേറ്റ് മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയും തിരിച്ചും ബാനറുയർത്തി പ്രതിഷേധ നടത്തം സംഗടിപ്പിച്ചു. ക്ഷേത്രപരിസരത്ത് പൊങ്കാലയും സമർപ്പിച്ചു.1000 ദിവസത്തിനുള്ളിൽ കപ്പലടുക്കും എന്ന വാഗ്ദാനം കഴിഞ്ഞ സെപ്തംബർ 1ന് പാലിക്കപ്പെടാതെ കടന്നുപോയതും കരാർപ്രകാരം ഇൗവർഷം ഡിസംബർ 4ന് നിർമ്മാണം പൂർത്തിയാകില്ലെന്നും ഉറപ്പായ സാഹചര്യത്തിലാണ് പ്രതിഷേധം. ഏലിയാസ് ജോൺ, ഹാർബർ വിജയൻ, വിൽഫ്രഡ് കുലാസ് തുടങ്ങിയവർ പങ്കെടുത്തു. ജനവിരുദ്ധ ഹർത്താലിനും അക്രമരഹിത കേരളത്തിനും വേണ്ടി ജനമനസാക്ഷി ഉണരുവാൻ കിഴക്കേകോട്ട പൗരസമിതി കിഴക്കേകോട്ടയിൽ പൊങ്കാല സമർപ്പിച്ചു.