മകന്റെ വിവാഹ സൽക്കാര ചടങ്ങുകൾ ഉപേക്ഷിച്ച് ആ തുക കാസർകോട്ട് ദാരുണമായി കൊല്ലപ്പെട്ട യുവ കോൺഗ്രസ് പ്രവർത്തകരിലൊരാളായ കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവിനായി നൽകാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനം അങ്ങേയറ്റം ശ്ളാഘനീയമാണ്. രാഷ്ട്രീയ നേതാക്കൾക്കു മാത്രമല്ല, സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർക്കെല്ലാം അനുകരിക്കാവുന്ന മഹനീയ മാതൃകയാണിത്. ചെന്നിത്തലയുടെ പുത്രൻ രോഹിതിന്റെ വിവാഹം നടന്ന ദിവസം രാത്രിയിലാണ് കാസർകോട്ട് കൃപേഷും സുഹൃത്ത് ശരത്ലാലും കൊല്ലപ്പെട്ടത്. രോഹിതിന്റെയും നവവധു ശ്രീജയുടെയും ആഗ്രഹം പരിഗണിച്ചാണ് തിരുവനന്തപുരത്തും ഹരിപ്പാട്ടും വച്ച് വലിയ തോതിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹ സൽക്കാരം ഉപേക്ഷിക്കുന്നതെന്ന് ചെന്നിത്തല സൂചിപ്പിച്ചിട്ടുണ്ട്. പഴകി ദ്രവിച്ച ഓല മേൽക്കൂര മാത്രമുള്ള ഒറ്റമുറി കുടിലിൽ ജീവിച്ചിരുന്ന കൃപേഷിന്റെ ദുരിത ജീവിത സാഹചര്യങ്ങൾ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞപ്പോഴാണ് നവദമ്പതികൾ ഇത്തരത്തിലൊരു മാതൃകാ തീരുമാനമെടുത്തതെന്നത് ശ്രദ്ധേയമാണ്. അനേകായിരം പേർ സംബന്ധിക്കേണ്ടിയിരുന്ന വിവാഹ സൽക്കാരത്തിനായി വളരെ വലിയൊരു സംഖ്യ ചെലവാകുമായിരുന്നു. പ്രതിപക്ഷ നേതാവ് ഒരുക്കുന്ന സൽക്കാരത്തിൽ പങ്കെടുക്കാൻ താത്പര്യത്തോടെ കാത്തിരുന്നവരിൽ കുറെപ്പേർക്കെങ്കിലും ഇച്ഛാഭംഗത്തിന് കാരണമായേക്കാമെങ്കിലും സൽക്കാരത്തിനായി ഉദ്ദേശിച്ച പണം പാവപ്പെട്ട ഒരു പെൺകുട്ടിക്ക് ഉപകരിക്കുമെങ്കിൽ അതിനെക്കാൾ വലിയ സൽപ്രവൃത്തി വേറെയില്ല. കൊല്ലപ്പെട്ട കൃപേഷിന് രണ്ട് സഹോദരിമാരാണുള്ളത്.
കഷ്ടപ്പാടുമായി കഴിയുന്ന കൃപേഷിന്റെ കുടുംബത്തെ നാനാവിധത്തിലും സഹായിക്കാൻ കോൺഗ്രസ് വലിയ സന്നാഹങ്ങൾക്ക് ഒരുങ്ങുകയാണ്. വീട് നിർമ്മിച്ച് നൽകുക എന്നതാണ് പ്രഥമ കടമ. സഹോദരിമാരുടെ വിദ്യാഭ്യാസച്ചെലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. കൃപേഷിനൊപ്പം വധിക്കപ്പെട്ട ശരത്ലാലിന്റെ കുടുംബത്തിനും സാമ്പത്തിക സഹായം നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങൾ അനാഥമാക്കുന്ന കുടുംബങ്ങളുടെ സഹായത്തിന് അതതു പാർട്ടികൾ മാത്രം മുന്നോട്ടു വന്നാൽ പോരാ. സമൂഹം ഒന്നടങ്കം ഇതിനൊപ്പം നിൽക്കുമ്പോഴാണ് മനുഷ്യത്വം അതിന്റെ മഹനീയ നില പ്രാപിക്കുന്നത്.
രാഷ്ട്രീയ നേതാക്കൾ സമൂഹത്തിന്റെ മാതൃകാപുരുഷന്മാരായാണ് ഗണിക്കപ്പെടുന്നത്. ആ നിലയ്ക്ക് അവരുടെ പ്രവൃത്തികൾ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുമെന്നു തീർച്ചയാണ്. ആഡംബര വിവാഹങ്ങൾ സമൂഹത്തെ നുള്ളിനോവിക്കുന്ന യാഥാർത്ഥ്യമാണിന്ന്. വിലയും നിലയും ഉള്ളവർ ആഡംബരത്തിനായി ഒഴുക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗം മതി കെട്ടുതാലി പോലും വാങ്ങാൻ പാങ്ങില്ലാതെ കല്യാണം മുടങ്ങി വീട്ടിലിരിക്കേണ്ടി വരുന്ന ഒരു സാധു പെൺകുട്ടിയെ സനാഥയാക്കാൻ. ആഡംബരമല്ല അതിരുകൾ ഭേദിക്കുന്ന അത്യാഡംബരങ്ങളാണ് വിവാഹവുമായി ബന്ധപ്പെട്ട് ചുറ്റും ഇന്നു നടക്കുന്നത്. വിവാഹധൂർത്ത് ഒഴിവാക്കാൻ വയ്യാത്ത ആചാരമായി മാറിക്കഴിഞ്ഞു. അപൂർവം ധനാഢ്യരെങ്കിലും ഇത്തരം ധൂർത്തിനൊരുങ്ങുമ്പോൾ ഒപ്പം തന്നെ ഏതാനും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം കൂടി നടത്തിക്കൊടുക്കാനുള്ള സന്മനസ് കാണിക്കാറുണ്ട്. എന്നാൽ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് അത്തരമൊരു മാതൃകാ നടപടിക്ക് തുനിഞ്ഞതായി കേട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുത്രവധുവിന്റെ ആഗ്രഹമനുസരിച്ചാണെങ്കിൽപ്പോലും പ്രതിപക്ഷ നേതാവിന്റെ തീരുമാനം ഉചിതവും മനുഷ്യപ്പറ്റുള്ളതുമാകുന്നത്.
വധിക്കപ്പെട്ട കൃപേഷിന്റെ കരളലിയിക്കുന്ന ജീവിതസാഹചര്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിനു ബോദ്ധ്യമാകാൻ ഇരുപത്തി ഒന്നാം വയസിൽ ആ യുവാവ് കൊലക്കത്തിക്ക് ഇരയാകേണ്ടിവന്നു. ഇതുപോലെ സംഘടനയ്ക്കുവേണ്ടി കൈമെയ് മറന്ന് അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു പ്രവർത്തകർ എല്ലാ പാർട്ടികളിലും കാണും. നാടു നന്നാക്കുന്നതിനൊപ്പം ഇവരുടെ ദുരിത ജീവിതം കൂടി മെച്ചപ്പെടുത്താൻ നടപടിയെടുക്കേണ്ട ചുമതല അതതു പാർട്ടിക്കാർക്കു തന്നെയാണ്. പലപ്പോഴും ദുരന്തങ്ങൾ സംഭവിച്ചുകഴിഞ്ഞാകും സഹായവും കാരുണ്യവുമായി പാർട്ടി നേതൃത്വങ്ങൾ എത്താറുള്ളത്. കൃപേഷിന്റെ കാര്യത്തിൽത്തന്നെ കുടുംബത്തിന്റെ ദയനീയത നേരിൽ കണ്ടപ്പോഴാണ് കോൺഗ്രസ് നേതാക്കളുടെ മനസ് ദുഃഖഭാരത്താൽ വിങ്ങിപ്പൊട്ടിയത്. കൃപേഷിന്റെ ഓർക്കാപ്പുറത്തുള്ള വധമാണ് പ്രതിപക്ഷ നേതാവിനെ വലിയൊരു സത്കർമ്മം ചെയ്യാൻ പ്രേരിപ്പിച്ചത്. സാധാരണ സന്ദർഭങ്ങളിലും ഇത്തരം നല്ല മാതൃക കാട്ടാൻ രാഷ്ട്രീയ നേതാക്കൾ തയ്യാറായാൽ സമൂഹത്തിന് അത് വിലപ്പെട്ട സന്ദേശമായി മാറും. പലരുടെയും വിവാഹധൂർത്തു കണ്ട് തങ്ങളുടെ നിസഹായത ഓർത്ത് ദുഃഖമടക്കിക്കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. ആഡംബരത്തിനായി ചെലവിടുന്ന പണത്തിന്റെ ഒരു ഭാഗമെങ്കിലും സമൂഹത്തിലെ താഴേ തട്ടിലുള്ളവരെ സഹായിക്കാനായി മാറ്റിവച്ചാൽ എത്രയോ കുടുംബങ്ങൾ രക്ഷപ്പെടും. ഇത്തരം മഹാമനസ്കതയുടെ മുമ്പിൽ സമൂഹം തല കുമ്പിടുക തന്നെ ചെയ്യും.