
കടയ്ക്കാവൂർ: മികച്ച പാലിയേറ്റീവ് പ്രവർത്തനത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ അഞ്ചുതെങ്ങ് പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് സിസ്റ്റർ ലൂസിയെ അഞ്ചുതെങ്ങ് പഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭയിൽ ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഏഴ് വർഷമായി അഞ്ചുതെങ്ങ് സി.എച്ച്.സി.യിൽ പാലിയേറ്റീവ് നേഴ്സായി പ്രവർത്തിച്ചു വരികയാണ്. സാമൂഹ്യ സേവന പ്രവർത്തനത്തിൽ അതീവ താത്പര്യതോടെ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ മിഷൻ നേഴ്സുമാരിൽ ഒരാളാണ് സിസ്റ്റർ ലൂസി. വാർഡ് മെമ്പർ ലിജാ ബോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷ്യാംജി വോയിസ്, ഹെൽത്ത് സൂപ്പർ വൈസർ ജഗദീഷ്, സിസ്റ്റർ ട്രീസ, എ.ഡി.എസ് ചെയർപേഴ്സൺ രജനി, സിനി തുടങ്ങിയവർ സംസാരിച്ചു.