തിരുവനന്തപുരം: സർവദുരിതവും മാറ്റി അനുഗ്രഹം ചൊരിയേണമേ, ദൃഷ്ടിദോഷവും വിളിദോഷവും ശാപദോഷവും മാറ്റിത്തരണമേ എന്നു മനമുരുകി പ്രാർത്ഥിച്ച് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതിയോടെ ഭക്തലക്ഷങ്ങൾ മടങ്ങി. കുംഭച്ചൂടേറ്റ് പൊള്ളിയ നിലത്ത് അടുപ്പുകൂട്ടി തീകത്തിച്ച് പൊങ്കാലക്കലങ്ങളിൽ ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരി, ചെറുപയർ, കശുഅണ്ടിപ്പരിപ്പ്, എള്ള് എന്നിങ്ങനെ ദ്രവ്യങ്ങൾ തിളച്ചുതൂകിയപ്പോൾ വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സായൂജ്യം അനുഭവിച്ച സംതൃപ്തിയോടെ ആറ്റുകാലമ്മയെ കണ്ണടച്ച് കൈകൂപ്പി തൊഴുതു. ഒരാണ്ട് കാത്തിരുന്ന വ്രതത്തിന്റെ ആത്മസമർപ്പണം ഓരോ ഭക്തമനസിലും. രാവിലെ 10.15ഓടെ തോറ്റംപാട്ടിലെ പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞയുടൻ ശ്രീകോവിലിൽ നിന്ന് തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് കൈമാറി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നശേഷം ദീപം സഹമേൽശാന്തി കേശവൻ നമ്പൂതിരിക്ക് കൈമാറി. തുടർന്ന് പാട്ടുപുരയ്ക്ക് മുന്നിലെ പണ്ടാര അടുപ്പിൽ തീപകർന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, മേയർ വി.കെ. പ്രശാന്ത്, കളക്ടർ ഡോ. കെ. വാസുകി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതിനുശേഷം ഭക്തർക്ക് അടുപ്പുകത്തിക്കാനുള്ള അറിയിപ്പായി ചെണ്ടമേളവും വായ്ക്കുരവയും ഉണർന്നു. ഇതോടെ ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊങ്കാലയ്ക്ക് തുടക്കമായി. ഉച്ചയ്ക്ക് 2.15ന് പൂജാരിമാർ തീർത്ഥജലം തെളിച്ചതോടെ തങ്ങളുടെ നിവേദ്യം ആറ്റുകാലമ്മ സ്വീകരിച്ച സംതൃപ്തിയുമായി മടക്കം.

കൂടുതൽ അടുപ്പ് ക്ഷേത്രപരിസരത്ത്

നാനാദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലെത്തിയത്. പൊങ്കാല അർപ്പിക്കുന്നതിനു മുൻപ് അമ്മയെ കാണാൻ നിരവധിപേർ പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്ക് എത്തി. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് പലർക്കും ദേവീദർശനം സാദ്ധ്യമായത്. ക്ഷേത്രത്തിന്റെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു. ക്ഷേത്രമൈതാനത്തായിരുന്നു കൂടുതൽ അടുപ്പുകൾ നിരന്നത്. ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ഐരാണിമുട്ടം, ബണ്ട് റോഡ്, കാലടി, കരമന, കിള്ളിപ്പാലം, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം, പഴവങ്ങാടി ക്ഷേത്രം, കിഴക്കേകോട്ട, തമ്പാനൂർ, ഓവർബ്രിഡ്ജ്, ആയുർവേദ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ പൊങ്കാലയിട്ടത്. സ്റ്റാച്യു, സ്‌പെൻസർ, പാളയം, ബേക്കറി, പനവിള എന്നിവിടങ്ങളിൽ പതിവിലും ആളു കുറവായിരുന്നു. ബൈപാസിലും നഗരത്തിലെ മറ്റ് ഇടറോഡുകളിലും പൊങ്കാലയടുപ്പുകൾ നിരന്നു. നിരവധി പേർ സൗകര്യത്തിനനുസരിച്ച് സ്വന്തം വീടുകൾക്കു മുന്നിലും ബന്ധുവീടുകളിലും പൊങ്കാലയിട്ടു. അട്ടക്കുളങ്ങര വനിതാ ജയിലിനുള്ളിൽ മൂന്ന് അന്തേവാസികളും ജയിൽ ജീവനക്കാരും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ പൊങ്കാലയിട്ടു. ജയിൽ അന്തേവാസികളിൽ 59 പേർക്കായാണ് മൂന്നുപേർ ആറ്റുകാലമ്മയുടെ പുണ്യം തേടി പൊങ്കാല സമർപ്പിച്ചത്. ജയിൽ വളപ്പിനുള്ളിൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് ജയിൽ അധികൃതർ പാനീയങ്ങളും ഉച്ചഭക്ഷണവും വിതരണം ചെയ്തു. ട്രാൻസ്‌ജെൻഡറുകൾ സ്റ്റാച്യു, ആയുർവേദ കോളേജ്, കൈതമുക്ക് എന്നിവിടങ്ങളിലായി പൊങ്കാലയിട്ടു. സെക്രട്ടേറിയറ്റ് പടിക്കലും കിഴക്കേകോട്ടയിലും വിവിധ പ്രതിഷേധ പൊങ്കാലകളും നിരന്നു.

കുംഭച്ചൂടിൽ വലഞ്ഞ്..

കുംഭച്ചൂടിൽ നിന്ന് രക്ഷനേടാൻ റോഡുവക്കിലെ മരത്തണലും ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളിലും കെട്ടിടങ്ങളുടെ പടിക്കെട്ടുകളിലും പൊങ്കാലക്കാർ അഭയം തേടി. പൊള്ളുന്ന വെയിലിലും പുകയിലും പലരും വാടിത്തളർന്നു. നിയമസഭ, സെക്രട്ടേറിയറ്റ് വളപ്പുകൾക്കു മുന്നിലെ മരത്തണലുകളിലും മ്യൂസിയം, കനകക്കുന്ന് റോഡിലെ മരങ്ങൾക്കു ചുവട്ടിലും പൊങ്കാലക്കാർ അഭയം തേടി. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പ് പൂർണമായും അവർ കൈയടക്കി. തണലുള്ള ഇടമായിരുന്നു എല്ലാവരും അന്വേഷിച്ചത്. വിവിധ സന്നദ്ധസംഘടനകളുടെ കുടിവെള്ള വിതരണവും തണ്ണിമത്തനും ഐസും ചൂടിൽ ഭക്തർക്ക് ആശ്വാസമായി. 675 സംഘടനകളാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ അന്നദാനം നടത്തിയത്.

ഗുരുതിയോടെ ഇന്ന് സമാപനം

ദേവിയുടെ പുറത്തെഴുന്നള്ളത്തിന് മുന്നോടിയായുള്ള കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ഇന്നലെ വൈകിട്ട് ഏഴിന് ആരംഭിച്ചു. ഇതിനു പിന്നാലെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിച്ചു. 815 ബാലന്മാരാണ് കുത്തിയോട്ട വ്രതത്തിൽ പങ്കെടുക്കുന്നത്. ഇന്ന് ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ട വ്രതം അവസാനിക്കും. രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം 12.15ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.