തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തജനങ്ങൾ മടങ്ങി മണിക്കൂറുകൾക്കകം നഗരം വൃത്തിയാക്കി നഗരസഭ കൈയടി നേടി. മാലിന്യം നീക്കാൻ കോർപറേഷൻ ജീവനക്കാരും സന്നദ്ധ സംഘടനകളും ഒത്തുചേർന്നതോടെ ഇന്നലെ വൈകിട്ട് ആറിന് മുമ്പ് നഗരം ക്ലീൻ. പൊങ്കാല അടുപ്പുകളിലെ തീയേറ്റ് കരിയും പുകയും പടിച്ച നഗരവീഥികൾ കഴുകിവൃത്തിയാക്കാൻ തരംഗിണിയുടെ സിനിമാമഴയും പെയ്തിറങ്ങിയതോടെ നഗരം വെടിപ്പായി. നിവേദ്യം കഴിഞ്ഞ് ഭക്തരുടെ മടക്കം ആരംഭിച്ച ഉടൻ നഗരസഭ ജീവനക്കാർ നഗരവീഥികളിലിറങ്ങി. ചൂലും കുട്ടയും വാഹനങ്ങളുമായി അണിനിരന്ന ജീവനക്കാർ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചാണ് ഏഴ് മണിക്കൂർ കൊണ്ട് നഗരം ശുചീകരിച്ചത്. 3383 ശുചീകരണ തൊഴിലാളികളാണ് മാലിന്യനീക്കത്തിനായി ഇറങ്ങിയത്. 65 ടണ്ണിലേറെ ചപ്പുചവറുകൾ ഉണ്ടാകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ. പ്രധാന റോഡുകളായ സ്റ്റാച്യു, കിഴക്കേകോട്ട, കരമന, പാളയം തുടങ്ങിയ സ്ഥലങ്ങളും പിന്നാലെ ഇടറോഡുകളും ഉൾപ്പെടെ വൃത്തിയാക്കി. 40 വാട്ടർ ടാങ്കറുകളിൽ വെള്ളം നിറച്ചു ഉയർത്തി ചീറ്റി കൃത്രിമ മഴയും പെയ്യിച്ചു. സ്റ്റാച്യു, കിഴക്കേകോട്ട, ആറ്റുകാൽ, മണക്കാട്, പാളയം, നന്ദാവനം, പട്ടം തുടങ്ങി പ്രധാന നഗരവീഥികളിൽ മഴ പെയിച്ച് അവശേഷിച്ച പൊങ്കാല മാലിന്യങ്ങൾ കഴുകി നീക്കി. തരംഗിണി സ്റ്റുഡിയോയിലെ സിനിമാ സെറ്റുകളിൽ ഉപയോഗിക്കുന്ന മഴ പെയ്യിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് നഗരം കഴുകിവൃത്തിയാക്കിയത്. പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കം ചെയ്യാൻ 60 ലോറി, 25 പിക്കപ്പ് ആട്ടോ എന്നിവയും ഉണ്ടായിരുന്നു. 1133 സ്ഥിരം ജീവനക്കാരും 2250 താത്കാലിക ജീവനക്കാരും ഉൾപ്പെടെ 3383 പേരാണ് ഇതിനായി രംഗത്തിറങ്ങിയത്. ഹെൽത്ത് ഓഫീസറാണ് ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. രാത്രി 10 ഓടെ നഗരം പൂർണമായും ശുചീകരിച്ചു.
വീടൊരുക്കാനായി കല്ലുകൾ ശേഖരിച്ചു
പൊങ്കാല കഴിഞ്ഞ് നഗരം ക്ളീനാക്കുമ്പോൾ തന്നെ അടുപ്പുകൂട്ടിയ കല്ലുകൾ ജീവനക്കാർ അവിടവിടെയായി അടുക്കി സൂക്ഷിച്ചു. തൊട്ടുപിന്നാലെ കല്ലുകൾ ശേഖരിക്കാനായി നഗരസഭ നിയോഗിച്ച പ്രത്യേക ടീമെത്തി ഇവ ശേഖരിച്ചുകൊണ്ടുപോയി. 250 പേരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ശേഖരിച്ച കല്ലുകൾ നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ കൂട്ടിവച്ചു. ഏകദേശം 1.25 ലക്ഷം ചുടുകട്ടകൾ ശേഖരിച്ചു. കല്ലുകൾ കേന്ദ്ര, സംസ്ഥാന ഭവനനിർമ്മാണ പദ്ധതികളുടെ ഭാഗമായി വീടുവയ്ക്കുന്ന ദരിദ്രർക്ക് നൽകാനായാണ് പദ്ധതിയുള്ളത്. കൗൺസിലർമാരുടെ സഹായത്തോടെ കണ്ടെത്തുന്ന ദരിദ്രർക്ക് വീടു വയ്ക്കാനായി ഇവ പിന്നീട് സൗജന്യമായി നൽകും.