തിരുവനന്തപുരം: കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ രാഷ്ട്രീയാഘാതം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മേഖലാജാഥകളുടെ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതിൽ ഇടതുമുന്നണിയിൽ ആശങ്ക ശക്തമായി.
ശബരിമല വിവാദങ്ങളിൽ നിന്ന് മാറി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രളയ ദുരിതാശ്വാസത്തിലടക്കം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ വിവേചനങ്ങൾ തുറന്നുകാട്ടാനുമായിരുന്നു മേഖലാജാഥകൾ ആരംഭിച്ചത്. സർക്കാരിന്റെ ആയിരം ദിനാഘോഷ വേളയിൽ സർക്കാർ നേട്ടങ്ങൾ പരമാവധി ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം. കാസർകോട് സംഭവം അതിനെ അട്ടിമറിച്ചിരിക്കുന്നു.
പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ ബുദ്ധിമോശമായാണ് കൊലപാതകങ്ങൾ ചിത്രീകരിക്കപ്പെടുന്നതെങ്കിലും തീർത്തും അനവസരത്തിലുണ്ടായ ചെയ്‌തിയിൽ സി.പി.എമ്മിലും ഇടതുമുന്നണിയിലും അമർഷം ശക്തമാണ്.
അതേസമയം, ഇരട്ടക്കൊലപാതകം സൃഷ്ടിച്ച സഹതാപവികാരം ഉൾക്കൊണ്ട് പ്രതിഷേധം പരമാവധി കനപ്പിക്കുകയാണ് കോൺഗ്രസും യു.ഡി.എഫും. ശബരിമല വിവാദത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഒരേ നിലപാടിൽ നീങ്ങിയപ്പോൾ ബി.ജെ.പിയുടെ ആക്രമണോത്സുക സമരരീതി അവർ അരങ്ങ് കീഴടക്കിയെന്ന പ്രതീതി ഉണർത്തിയിരുന്നു. ആ അവസ്ഥ പെട്ടെന്ന് മാറി ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളി യു.ഡി.എഫും കോൺഗ്രസും തന്നെയെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണ്. കാസർകോട്ട് കൊല്ലപ്പെട്ട യുവാക്കളുടെ പ്രായവും ദരിദ്ര പശ്ചാത്തലവുമെല്ലാം സഹതാപം ശക്തമാക്കി. എറണാകുളം മഹാരാജാസിൽ അഭിമന്യു കൊല്ലപ്പെട്ടപോഴത്തെ അതേ വികാരം കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിലും ഉയരുന്നു.
ആയിരം ദിവസം പൂർത്തിയാക്കുന്ന സർക്കാർ കാര്യമായ ആക്ഷേപങ്ങൾ കേൾപ്പിച്ചില്ലെന്ന വിലയിരുത്തലുണ്ട്. ഏറെക്കുറെ അഴിമതിവിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനുമായി. വികസന നേട്ടങ്ങൾക്കൊപ്പം പ്രളയദുരിതാശ്വാസവും നിപ്പ പ്രതിരോധവും ശബരിമലയിലെ സംഘർഷങ്ങൾ ഒഴിഞ്ഞതും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നേട്ടങ്ങളായി വിലയിരുത്തപ്പെടുമ്പോഴാണ് ആയിരം ദിനാഘോഷവും മേഖലാജാഥകളും ഇടതുമുന്നണി ഏറ്റെടുക്കുന്നത്. അപ്പോഴാണ് അശനിപാതം പോലെ കാസർകോട് സംഭവം.
ശബരിമല രാഷ്ട്രീയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന ചർച്ചകൾ എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും സജീവമാണ്. ശബരിമല സമരത്തിൽ ബി.ജെ.പിയുടെ പിന്നിൽ പോയെന്ന തോന്നൽ കോൺഗ്രസിലും യു.ഡി.എഫിലും ഉയരുകയുണ്ടായി. എൻ.എസ്.എസിന്റെയും മറ്റും തീവ്രനിലപാടുകൾ തെക്കൻ ജില്ലകളിൽ ബി.ജെ.പിക്ക് ഗുണമാകുമെന്ന ചർച്ചകൾ പോലും ഉയർന്നപ്പോഴാണ് കാസർകോട്ടെ ദാരുണ സംഭവമുണ്ടായത്.
അറസ്റ്റിലായ ലോക്കൽ കമ്മിറ്റി അംഗത്തെ ഉടനടി പുറത്താക്കി പാർട്ടിക്ക് ബന്ധമേയില്ലെന്ന് സ്ഥാപിക്കാൻ സി.പി.എം ശ്രമിച്ചത് രാഷ്ട്രീയ പ്രത്യാഘാതം ഓർത്താണ്. പാർട്ടി അറിയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന കുടുംബത്തിന്റെ പ്രതികരണം എതിരാളികൾക്ക് രാഷ്ട്രീയായുധമാണെങ്കിലും അത് വൈകാരിക പ്രതികരണമായി നേതൃത്വം കരുതുന്നു.
കോൺഗ്രസിലെ ജനകീയമുഖമായ ഉമ്മൻ ചാണ്ടിയടക്കം കാസർകോട്ട് ക്യാമ്പ് ചെയ്യുന്നത് വരുംദിവസങ്ങളിൽ ഇത് സജീവപ്രചരണവിഷയമാകും എന്നതിന്റെ സൂചനയാണ്. ഇതിനെ മറികടക്കാൻ സഹപ്രവർത്തകരെയടക്കം കൊല ചെയ്ത കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയ പാരമ്പര്യം സി.പി.എമ്മും പ്രചരണായുധമാക്കിയേക്കും. തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലെത്തുന്നതോടെ വിഷയങ്ങൾ മാറിമറിയാമെന്നും ഇടത് നേതൃത്വം കണക്കുകൂട്ടുന്നു.