pongala

തിരുവനന്തപുരം: ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈവല്യദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവർക്ക് കുംഭച്ചൂടിൽ തിളയ്ക്കുന്ന നഗരപാതകളോ അടുപ്പിൽ നിന്നുള്ള ചൂടോ ഒന്നും തടസമായിരുന്നില്ല.

പുത്തൻ കലത്തിലേക്ക് അരിമണികളർപ്പിക്കുമ്പോൾ പലരുടെയും മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

മകൾക്ക് മംഗല്യഭാഗ്യം ലഭിക്കാൻ, മകന് പരീക്ഷ വിജയിക്കാൻ, ഭർത്താവിന്റെ രോഗം മാറാൻ, കുടുംബ ദോഷം മാറാൻ.... ഇങ്ങനെ എത്രയെത്ര പ്രാർത്ഥനകളാണ് തിളയ്ക്കുന്ന പൊങ്കാലയ്ക്കൊപ്പം സ്ത്രീഭക്തർ ദേവിക്ക് മുന്നിൽ സമർപ്പിച്ചത്.

നഗരപാതകളിൽ ദിവസങ്ങൾക്കു മുൻപുതന്നെ കല്ലും കലങ്ങളും കീഴടക്കിയിരുന്നു. ദൂരദേശങ്ങളിൽനിന്ന് പൊങ്കാലയ്ക്കെത്തുന്നവരുടെ തിരക്ക് നേരത്തേ തുടങ്ങിയിരുന്നു. ആറ്റുകാലമ്മയ്ക്കു മുന്നിൽ പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ സങ്കടങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം.
ഇന്നലെ രാവിലെ ആറോടെ തന്നെ കുളിച്ചൊരുങ്ങിയ സ്ത്രീകൾ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പൊങ്കാല കലങ്ങൾ കഴുകി വൃത്തിയാക്കി, ചന്ദനം കൊണ്ട് കോലം വരച്ച് ചെത്തി, മുല്ല എന്നീ പൂക്കളും മാവിലയും കോർത്തുകെട്ടി അലങ്കരിച്ചു. ചുടുകല്ലുകൾ നിരത്തി അടുപ്പുകൂട്ടി കലം സ്ഥാപിച്ചു. ചെറുപടുക്കയും തയ്യാറാക്കി. പൊങ്കാല തയ്യാറാക്കാനുള്ള അരിയും വെള്ളവും അതിനടുത്തായി തയ്യാറാക്കി വച്ചു. സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത പ്രഭാതഭക്ഷണം കഴിച്ച ശേഷം മണ്ടപ്പുറ്റും തെരളിയും ഒക്കെ തയ്യാറാക്കാനുള്ള മാവു കുഴച്ചു. ഇത് ഇലകളിലാക്കി തട്ടത്തിൽ വയ്ക്കുമ്പോഴേക്കും സമയം 9.30 കഴിഞ്ഞു. ഇതോടെ നഗരം 'അമ്മ നാരായണ, ദേവീ നാരായണ' വിളികളാൽ മുഖരിതമായി. 10 മണിയായപ്പോഴേക്കും ഭക്തർ എണീറ്റ് പൊങ്കാലഅടുപ്പിൽ തീപകരാൻ തയ്യാറായി നിന്നു. കൃത്യം 10.15 ന് പൊങ്കാല അടുപ്പിൽ തീ പകർന്നു.

വൈകിട്ട് രണ്ടേകാലിനായിരുന്നു നിവേദ്യം. അതുവരെ അടുപ്പിൽ തന്നെ പൊങ്കാല അടച്ചു വയ്ക്കണമെന്നാണ് വിശ്വാസം. എന്നാൽ ദൂരദിക്കിൽ നിന്നും എത്തി അമ്പല പരിസരത്ത് പൊങ്കാലയിട്ടവരിൽ ചിലരൊക്കെ നിവേദ്യ സമയത്തിനു കാത്തു നിൽക്കാതെ തമ്പാനൂർ ബസ് സ്റ്റേഷനിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ എത്തിയിരുന്നു. അവിടെ പൂജാരിമാർ എത്തി തീർത്ഥം തളിച്ചപ്പോൾ അവരുടെ പൊങ്കാലയിലും തീർത്ഥം വീണു. നേരെ ബസിലും ട്രെയിനുകളിലുമൊക്കെ കയറി വീടുകളിലേക്ക്.

അക്ഷരാർത്ഥത്തിൽ മനംനിറഞ്ഞുള്ള മടക്കം.