തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയനും പി.ആർ.ഡിയുമായി സഹകരിച്ച് കേരള മീഡിയ അക്കാഡമി നടത്തുന്ന മാദ്ധ്യമചരിത്രയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് കേരളകൗമുദി പേട്ട ഓഫീസ് വളപ്പിൽ നടക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിൻകരയിലെ ജന്മഗൃഹം മുതൽ ആദ്യമലയാള പത്രം പിറന്നുവീണ തലശേരിയിലെ ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ട് ഭവനം വരെയാണ് യാത്ര. മാർച്ച് ഒന്നിന് സമാപിക്കും. 60 മാദ്ധ്യമവിദ്യാർത്ഥികളും മാദ്ധ്യമപ്രവർത്തകരുമാണ് യാത്രയിൽ പങ്കെടുക്കുക.
കേരളകൗമുദി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ യാത്ര ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിക്ക് സ്പീക്കർ ആദരപത്രം സമർപ്പിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയാകും. എഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, കെ.യു.ഡബ്ലിയു.ജെ ജനറൽ സെക്രട്ടറി സി. നാരായണൻ, പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കേരള മീഡിയ അക്കാഡമി മുൻ ചെയർമാൻ എസ്.ആർ. ശക്തിധരൻ, മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം, മാതൃഭൂമിയിലെ ജി. ശേഖരൻ നായർ, കൈരളി ടിവി ഡയറക്ടർ ഡോ. എൻ.പി. ചന്ദ്രശേഖരൻ, സംവിധായിക വിധു വിൻസന്റ്, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ്, കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം. ശങ്കർ, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. എൻ.ആർ.എസ്. ബാബു, കെ.ജി. പരമേശ്വരൻനായർ, പി. ഫസിലുദ്ദീൻ, വി. ശശിധരൻ, പിറവന്തൂർ ശശിധരൻ, ഫോട്ടോഗ്രാഫർ പി. ശങ്കരൻകുട്ടി തുടങ്ങി 70 വയസ് കഴിഞ്ഞ മുതിർന്ന മാദ്ധ്യമപ്രവർത്തകരെ ആദരിക്കും.
നാളെ രാവിലെ 9ന് നെയ്യാറ്റിൻകരയിൽ ഡോ. സെബാസ്റ്റ്യൻ പോൾ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് യാത്ര സാധുജന പരിപാലിനി പത്രം നടത്തിയിരുന്ന അയ്യങ്കാളിയുടെ വെങ്ങാനൂരിൽ എത്തി ആദരവ് അർപ്പിക്കും. വക്കത്തെത്തി സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയായിരുന്ന വക്കം അബ്ദുൾ ഖാദർ മൗലവിയെയും കായിക്കരയിലെത്തി വിവേകോദയം പത്രം നടത്തിയിരുന്ന മഹാകവി കുമാരനാശാനെയും അനുസ്മരിക്കും. അന്നുതന്നെ വൈകിട്ട് പരവൂരിൽ ആദ്യ മലയാള കാർട്ടൂണിസ്റ്റ് പി.എസ്. ഗോവിന്ദപ്പിള്ളയെയും വിദൂഷകൻ പത്രത്തെയും അനുസ്മരിക്കും.