road

നെടുമങ്ങാട്: അധികൃതരുടെ പിടിവാശിയിൽ അനിശ്ചിതത്വത്തിലായ നിർദ്ദിഷ്ട നാലുവരിപ്പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മകൾ ഉണരുന്നു. 348 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നാലുവരിപ്പാത രണ്ടുവരിയായി ചുരുക്കാനുള്ള കിഫ്‌ബി അധികൃതരുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ വോളണ്ടിയർമാർ വഴയില മുതൽ പഴകുറ്റി വരെയുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് സർവേയ്ക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. 28 ന് കേരളകൗമുദി റവന്യു ടവറിൽ സംഘടിപ്പിക്കുന്ന വികസന സംവാദത്തിൽ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റംഗങ്ങൾ സർവേ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും. സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്ന സംവാദത്തിൽ ഡോ.എ. സമ്പത്ത് എം.പി മുഖ്യാതിഥിയായിരിക്കും. കിഫ്ബിയിലെയും റവന്യു വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. സംവാദത്തിൽ ഉയരുന്ന നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കിഫ്‌ബി ഡയറക്ടർക്കും സമർപ്പിക്കും.

നാലുവരിപ്പാത വന്നുചേരുന്ന വഴയിലയിൽ നിന്നും നെടുമങ്ങാട് നഗരത്തിനോടുചേർന്നുള്ള പഴകുറ്റി വരെയും നെടുമങ്ങാട് നഗര മദ്ധ്യത്തിലേക്കും പ്രവേശിപ്പിക്കുന്ന തരത്തിലായിരുന്നു നിർമ്മാണ പദ്ധതിയുടെ രൂപരേഖ. എന്നാൽ സ്ഥലമെടുപ്പിനെ ചൊല്ലി ആദ്യഘട്ടത്തിലുണ്ടായ അസ്വാരസ്യങ്ങൾ അധികൃതർ മുതലാക്കുന്നതായാണ് പരാതി. നാലുവരിപ്പാത നഷ്ടമാകുമെന്നുവന്നതോടെ എതിർപ്പുമായി രംഗത്തെത്തിയവർ പിന്മാറി. സ്ഥലമെടുപ്പ് ഇവരുമായി ആലോചിച്ച് മാത്രമേ നടത്തൂവെന്നും വസ്തുവും വീടും നഷ്ടപ്പെടുന്നവരെ അവരാഗ്രഹിക്കുന്ന പശ്ചാത്തലത്തിൽ പുനരധിവസിപ്പിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.

നിലവിലെ നിയമം അനുസരിച്ചും സർക്കാരിന്റെ പ്രത്യേക അധികാര പരിധി ഉപയോഗിച്ചും അർഹമായ നഷ്ടപരിഹാരം നൽകാനായി കൃത്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സർക്കാർ ജി.ഒ ഇറക്കുകയും വിദഗ്ധരായ സ്പെഷ്യൽ തഹസീൽദാർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പല കാരണങ്ങളാൽ പുനർ നടപടികൾ ഇഴയുന്നതായാണ് പരാതി. മുഖ്യമന്ത്രി വിളിച്ചുചേർത്ത ആലോചന യോഗത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട് കിഫ്‌ബി ഡയറക്ടറുടെ നിലപാടിൽ പ്രതിഷേധിച്ച് സി. ദിവാകരൻ എം.എൽ.എ ഇറങ്ങിപ്പോയത് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. എൻ.എച്ച് അതോറിട്ടിയോട് മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയതായാണ് സൂചനകൾ. ഇതേസമയം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാലുവരിപ്പാത യഥാവിധി നടപ്പിലാക്കണമെന്നും പഴകുറ്റി മുതൽ തെന്മല വരെ എൻ.എച്ച് അതോറിട്ടിക്ക് വിട്ടു കൊടുക്കണമെന്നുമാണ് വിവിധ കേന്ദ്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം.