കൊടുങ്ങല്ലൂർ: യുവതിയും പിഞ്ചുമകനും ഫ്ളാറ്റിൽ പെട്രോളൊഴിച്ച് കത്തിച്ച് മരിച്ചനിലയിൽ. നായരമ്പലം വട്ടത്തറ നാദിർഷായുടെ ഭാര്യ കൃഷ്ണ (26), മകൻ നദാൽ (2) എന്നിവരാണ് ബൈപ്പാസിന് പടിഞ്ഞാറുഭാഗത്തുള്ള ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാവിലെ അഞ്ചോടെയാണ് സംഭവം.
കൃഷ്ണയുടെ അമ്മ ലത ഇവിടെ ഉണ്ടായിരുന്നെങ്കിലും അടുക്കളയിലായിരുന്നതിനാൽ ഇവർക്ക് മകളെയും കുഞ്ഞിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെയും കുഞ്ഞിനെയും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നത് കൃഷ്ണ തന്നെയാണെന്നാണ് സൂചന. ഇവരുടെ ഭർത്താവ് നാദിർഷ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ചയാണ് ഇയാൾ ജോലിസ്ഥലത്തേക്ക് പോയത്. സി.പി.എമ്മിന്റെ മേഖലയിലെ ആദ്യരക്തസാക്ഷി വി.കെ. ഗോപാലന്റെ മകൻ പരേതനായ സാജന്റെ മകളാണ് കൃഷ്ണ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ താത്കാലിക സംവിധാനത്തിൽ ക്രെഡിറ്റ് കാർഡ് ഏജന്റായി പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ .