india-pak-cricket-
india pak cricket

പാകിസ്ഥാനുമായി കളി വേണ്ടെന്ന് കേന്ദ്രമന്ത്രി

സർക്കാർ പറഞ്ഞാൽ കളിക്കില്ലെന്ന് ബി.സി.സി.ഐ

ന്യൂഡൽഹി : പുൽവാമയിലെ പാകിസ്ഥാൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇൗവർഷം ജൂണിൽ ഇംഗ്ളണ്ടിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം അനിശ്ചിതത്വത്തിൽ.

ലോകകപ്പിലുൾപ്പെടെ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ഇന്നലെ പരസ്യമായി പറഞ്ഞു. മുതിർന്ന താരങ്ങളിൽ നിന്നുൾപ്പെടെ ഇൗ ആവശ്യമുയരുമ്പോൾ ഇക്കാര്യം സർക്കാർ ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിലപാട്. കേന്ദ്ര സർക്കാരിന്റെ താത്പര്യത്തിന് അനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബി.സി.സി.ഐ ഭാരവാഹി അറിയിച്ചു. ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തെ പുൽവാമ ഭീകരാക്രമണം ബാധിക്കുകയില്ലെന്ന് കഴിഞ്ഞദിവസം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ഡേവ് റിച്ചാർഡ്സൺ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ബി.സി.സി.ഐ ഭാരവാഹിയിൽനിന്ന് പ്രതികരണമുണ്ടായത്.

ജൂൺ 16

ഇൗവർഷം ജൂൺ 16 നാണ് ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം. ഇന്ത്യ ഇൗ മത്സരത്തിൽ നിന്ന് പിൻമാറുകയാണെങ്കിൽ പാകിസ്ഥാന് പോയിന്റ് ലഭിക്കും. അതേസമയം ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളിയായി പാകിസ്ഥാൻ വന്നാൽ കിരീടമാകും നഷ്ടം. അതിനാൽത്തന്നെ ഇക്കാര്യത്തിൽ ഉറച്ചൊരു തീരുമാനമെടുക്കാൻ ബി.സി.സി.ഐക്കും ബുദ്ധിമുട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഒന്നും ചെയ്യേണ്ടെന്നാണ് സംഘടനയ്ക്കുള്ളിലെ പൊതുവികാരം.

2008 ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. പാകിസ്ഥാനെ ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നേരിടുന്നതിന് പുറമേ 2012/13 ൽ ഒരു പരമ്പരയ്ക്ക് ക്ഷണിച്ചിരുന്നു.

ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് പാകിസ്ഥാൻ.

ഐ.സി.സി യോഗം

ഇൗമാസം 27 മുതൽ ദുബായിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ യോഗമുണ്ട്. ഇൗ യോഗത്തിൽ ഇന്ത്യയുടെ നിലപാട് ബി.സി.സി.ഐ അറിയിക്കും. ബി.സി.സി.ഐ ചീഫ് എക്സിക്യൂട്ടിവ് ഒാഫീസർ രാഹുൽ ജോഹ‌്‌രിയും സെക്രട്ടറി അമിതാഭ് ചൗധരിയുമാകും യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

'ലോകകപ്പിലെ പാകിസ്ഥാനുമായുള്ള മത്സരത്തെപ്പറ്റിയുള്ള അന്തിമ തീരുമാനത്തിന് അല്പം താമസമുണ്ട്. ഇന്ത്യ ലോകകപ്പിൽ പാകിസ്ഥാനുമായി കളിക്കുന്നില്ലെന്ന് പറഞ്ഞാൽ ഐ.സി.സിക്ക് ഒന്നും ചെയ്യാനാവില്ല. പാകിസ്ഥാനുമായി കളി വേണ്ട എന്നാണ് സർക്കാർ പറയുന്നതെങ്കിൽ അതനുസരിക്കും.

ഇതുവരെ ഐ.സി.സിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല.

ബി.സി.സി.ഐ ഭാരവാഹി

'രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ഐ.സി.സി നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാനുമായുള്ള മത്സരത്തിൽനിന്ന് പിൻമാറിയതായി ഇന്ത്യ അറിയിച്ചിട്ടില്ല. ജനങ്ങളെ വിഷമഘട്ടങ്ങളിൽ ഒന്നിപ്പിക്കുകയാണ് കായിക മത്സരങ്ങളുടെ ദൗത്യം. ലോകകപ്പിൽ എല്ലാ മത്സരങ്ങളും നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് പ്രതീക്ഷ.

ഡേവ് റിച്ചാർഡ്സൺ

സി.ഇ.ഒ, ഐ.സി.സി.

ക്രിക്കറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. പക്ഷേ പാകിസ്ഥാനുമായി ക്രിക്കറ്റ് വേണ്ടെന്ന ആവശ്യം അംഗീകരിക്കേണ്ടതാണെന്ന് പറയാം. പുൽവാമയിലെ ആക്രമണപശ്ചാത്തലത്തിൽ എത്രയോ പരിപാടികൾ മാറ്റിവച്ചു. ക്രിക്കറ്റിനും അതേരീതി പിന്തുടരാം.

- രവി ശങ്കർ പ്രസാദ്

കേന്ദ്ര നിയമമന്ത്രി