pongala

തിരുവനന്തപുരം: അഭീഷ്ട വരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ മലയാളത്തിന്റെ പ്രിയ നടിമാർ വീണ്ടുമെത്തി. ചിപ്പി, സീമ ജി.നായർ, കൃഷ്ണപ്രഭ, മുൻകാല നടി ജലജ, മകൾ ദേവി, സീരിയൽ താരം സിന്ധു, കലാഭവൻ സരിക എന്നിവർ ക്ഷേത്രത്തിന് സമീപത്തെ ഗൗരിവന്ദനം ഹോട്ടൽ വളപ്പിലാണ് പൊങ്കാല അർപ്പിച്ചത്.

20 വർഷമായി മുടങ്ങാതെ താൻ പൊങ്കാലയിടുന്നുണ്ടെന്ന് ചിപ്പി പറഞ്ഞു. ഓരോ വർഷവും ഓരോ പ്രാർത്ഥനകളാണുള്ളത്. ഇക്കുറിയും ഒരു പ്രത്യേക പ്രാർത്ഥന ഉള്ളിലുണ്ടെന്നും എന്നാൽ അത് പുറത്ത് പറയാനാകില്ലെന്നും ചിപ്പി പറഞ്ഞു.
തുടർച്ചയായ ആറാം തവണയാണ് പഴയകാല നടി ജലജ പൊങ്കാല ഇടുന്നത്. മകൾ ദേവിയുടെ കന്നിപ്പൊങ്കാല കൂടിയാണിത്. നേരത്തെ പൊങ്കാല ഇടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചതെന്ന് ദേവി പറഞ്ഞു. നടി സൗപർണിക പൊങ്കാലയർപ്പിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ട കാലമായി. ഇത്തവണ കോട്ടയ്ക്കം അഭേദാശ്രമത്തിലായിരുന്ന ഇടം ലഭിച്ചത്. സീരിയൽ - സിനിമാ നടിയായ ഉമാനായർ വെള്ളയമ്പലം ആൽത്തറ ക്ഷേത്രത്തിന് മുന്നിൽ പൊങ്കാലയിട്ടു.ഗായിക കെ.എസ്.ചിത്ര ശാസ്തമംഗലത്തും ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതി ജഗതി ഈശ്വരവിലാസം റോഡിൽ എ.കെ.ആന്റണിയുടെ വീടിന് മുമ്പിലുമാണ് പൊങ്കാലയർപ്പിച്ചത്.