തിരുവനന്തപുരം: മീ ടു വെളിപ്പെടുത്തലിൽ കുടുങ്ങിയ നടൻ അലൻസിയർ തനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി ദിവ്യാ ഗോപിനാഥിനോടു മാപ്പു പറഞ്ഞു. ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അലൻസിയർ ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ദിവ്യയും ആവശ്യപ്പെട്ടിരുന്നു.

തന്റെ തെറ്റിനു ക്ഷമ ചോദിക്കുന്നുവെന്നും. ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായും അലൻസിയർ പറഞ്ഞു.

താനൊരു വിശുദ്ധനല്ല എന്നും തെറ്റുകൾ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണെന്നും തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

അലൻസിയറിന്റെ മാപ്പപേക്ഷ സത്യസന്ധമാണെങ്കിൽ അത് സ്വീകരിക്കുന്നുവെന്നും കേസുമായി മുന്നോട്ട് പോകുന്നില്ലെന്നും ദിവ്യ ഗോപിനാഥ് പ്രതികരിച്ചു.

കഴിഞ്ഞ വർഷം അവസാനമാണ് അലൻസിയർക്കെതിരെ ദിവ്യ മീടു ആരോപണം ഉന്നയിച്ചത്. 'ആഭാസം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തന്നെ ലൈംഗികമായി ആക്രമിക്കാൻ അലൻസിയർ ശ്രമിച്ചെന്നായിരുന്നു ദിവ്യ പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകനും നടനെതിരെ രംഗത്തു വന്നതോടെ അലൻസിയൽ കടുത്ത വിമർശനമാണ് നേരിട്ടത്.