ഡുനെഡിൻ : ബംഗ്ളാദേശിനെതിരായ അവസാന ഏകദിനത്തിൽ 88 റൺസിന് വിജയിച്ച് ന്യൂസിലൻഡ് മൂന്ന് മത്സര പരമ്പര 3-0 ത്തിന് സ്വന്തമാക്കി. ഡുനെഡിനിലെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 330/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ബംഗ്ളാദേശ് 47.2 ഒാവറിൽ 242 ന് ആൾ ഒൗട്ടായി. റോസ് ടെയ്‌ലർ (69), ഹെൻറി നിക്കോൾസ് (64), ടോം ലതാം (59) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് കിവീസ് കൂറ്റൻ സ്കോറിലെത്തിയത്. ബൗളിംഗിൽ 65 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ടിംസൗത്തിയാണ് തിളങ്ങിയത്. സൗത്തിയാണ് മാൻ ഒഫ് ദ മാച്ച്. ഗപ്‌ടിൽ മാൻ ഒഫ് ദ സിരീസായി.
ഇൗ മത്സരത്തിലൂടെ ടെയ്‌ലർ ഏകദിനത്തിൽ കിവീസിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. തന്റെ കരിയറിലെ 47-ാം അർദ്ധ സെഞ്ച്വറി നേടിയ ടെയ്ലർ സ്റ്റീഫൻ ഫ്ളെമിംഗിന്റെ 8007 റൺസിന്റെ റെക്കാഡ് മറികടന്ന് 8026 റൺസിലെത്തി.