തിളയ്ക്കുന്ന വേനൽച്ചൂടിനൊപ്പം അഗ്നിബാധ സൃഷ്ടിക്കുന്ന ഭീഷണിയും സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നി പ്രതിരോധ വിഷയത്തിൽ കൂടുതൽ ജാഗ്രതയും കരുതലും സ്വീകരിക്കേണ്ടതിന്റെ ആവശ്യം പരമാവധി ബോദ്ധ്യപ്പെടുത്തുന്നതാണ് അടുത്തിടെ ഉണ്ടായ പല അഗ്നിബാധകളും. നിയമവും ചട്ടവും ഏറെ കർക്കശമായിട്ടും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നത് രഹസ്യമൊന്നുമല്ല. വലിയ ദുരന്തം ഉണ്ടാകുമ്പോഴാണ് വീഴ്ചകൾ പലതും മറനീക്കി പുറത്തുവരാറുള്ളത്.
ബുധനാഴ്ച എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ വൻ അഗ്നിബാധയിൽ ചെരുപ്പു ഗോഡൗണായി ഉപയോഗിച്ചിരുന്ന ആറുനില കെട്ടിടം അപ്പാടെ കത്തിയമർന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടിക്കുന്ന സമയത്ത് കെട്ടിടത്തിന്റെ വിവിധ നിലകളിലുണ്ടായിരുന്ന ജീവനക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ മനുഷ്യജീവനുകളൊന്നും നഷ്ടമായില്ലെന്നത് ആശ്വാസമായി. തീ തൊട്ടടുത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാതെ തക്കസമയത്ത് അശ്നിശമനസേനയുടെ ഇടപെടലുണ്ടായതും അനുഗ്രഹമായി. ഗോഡൗൺ കെട്ടിടത്തിൽ പടർന്നുപിടിച്ച തീ അണയ്ക്കാൻ അറുപതിലേറെ അഗ്നിശമന വാഹനങ്ങൾ ഉപയോഗിക്കേണ്ടിവന്നു എന്നതിൽ നിന്നുതന്നെ ദുരന്തത്തിന്റെ വ്യാപ്തി ബോദ്ധ്യമാകും. അഞ്ചുമണിക്കൂറോളം നഗരത്തെ മുൾമുനയിൽ നിറുത്തിയശേഷമാണ് തീ നിയന്ത്രണവിധേയമായത്. തീപിടിച്ച കെട്ടിടത്തിൽ നിന്നുള്ള പുകപടലങ്ങൾ സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണമാകട്ടെ സ്വതേ മലിനീകരണത്തോത് അധികമുള്ള എറണാകുളം നഗരത്തെ കൂടുതൽ ശ്വാസം മുട്ടിക്കുകയും ചെയ്തു.
വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചെറുതും വലുതുമായ തീപിടിത്തങ്ങൾ നിത്യസംഭവമായി മാറിയിട്ടുണ്ട്. ചൂടിൽ വരണ്ടുണങ്ങി നിൽക്കുന്ന പുൽമേടുകളിലും വനങ്ങളിലും കൂടക്കൂടെ തീപിടിത്തമുണ്ടാകാറുണ്ട്. എറണാകുളത്ത് തീപിടിത്തമുണ്ടായ ദിവസം തന്നെ തലസ്ഥാന ജില്ലയിലെ മൂക്കുന്നിമലയിൽ അഞ്ചേക്കർ വനഭൂമിയാണ് തീപിടിച്ച് നശിച്ചത്. അലക്ഷ്യമായി വലിച്ചെറിയുന്ന ചെറിയൊരു തീപ്പൊരി മതി പുൽമേടുകൾക്കും മറ്റും തീപിടിക്കാൻ. റെയിൽപ്പാതയ്ക്കരികെയുള്ള പുല്ലിനു തീപിടിച്ച് കഴിഞ്ഞ ദിവസം മലബാറിൽ ട്രെയിനുകൾ കുറച്ചുസമയം നിറുത്തിയിടേണ്ട സംഭവമുണ്ടായി. ഇത്തരം അപകട സാദ്ധ്യതകൾ നിറഞ്ഞ പ്രദേശങ്ങൾ സംസ്ഥാനത്തുടനീളമുണ്ട്. പാതയ്ക്കിരുവശത്തുമുള്ള പുൽപ്പടർപ്പുകൾ നശിപ്പിക്കാൻ സാധാരണ ഗതിയിൽ നടപടി ഉണ്ടാകാറില്ല. വേനലിൽ ഉണങ്ങി സ്വയം നശിക്കാറാണു പതിവ്.
പുതിയ ബഹുനില മന്ദിരങ്ങളിൽ അഗ്നിസുരക്ഷാ മുൻകരുതലുകൾ ഏറെ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പഴയ കെട്ടിടങ്ങളിൽ പലതിലും അത്തരം സംവിധാനങ്ങളില്ല. എവിടെയെങ്കിലും വലിയ അഗ്നിബാധ ഉണ്ടാകുമ്പോഴാണ് ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അന്വേഷണത്തിന് ഇറങ്ങാറുള്ളത്. പേരിനു ചില പരിശോധനകൾ നടക്കുമെങ്കിലും തുടർ നടപടികൾ പ്രായേണ കുറവാണ്. എറണാകുളത്ത് തീപിടിച്ച ആറുനില കെട്ടിടത്തിനുള്ളിലേക്ക് വെള്ളം ചീറ്റാൻ അഗ്നിശമന സേനക്കാർക്ക് ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടിവന്നു എന്നാണ് വാർത്ത. കെട്ടിടം അപ്പാടെ ഷീറ്റുകൊണ്ടു പൊതിഞ്ഞ് മോടിപിടിപ്പിച്ചിരുന്നതു കാരണം വെള്ളം ഉള്ളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തീയിൽ ഷീറ്റ് വെന്തുരുകിയ ശേഷമാണത്രേ വെള്ളം ഉള്ളിലെത്തിയത്. ആധുനിക മന്ദിരങ്ങളിൽ പലതും ഇതുപോലെ സാധാരണ അഗ്നിശമന സംവിധാനങ്ങൾക്ക് അപ്രാപ്യമായ വിധമാണ് അവയുടെ ഘടനയെന്ന് ആക്ഷേപമുണ്ട്. സുരക്ഷിതത്വത്തെക്കാൾ കാഴ്ചയിലെ ഭംഗിക്ക് ഏറെ പ്രാധാന്യം നൽകുന്നതു കൊണ്ടുള്ള അപകടമാണിത്. ഇടുങ്ങിയ സ്ഥലത്ത് കെട്ടിട നിർമ്മാണച്ചട്ടങ്ങളെല്ലാം ലംഘിച്ച് പണിതുയർത്തുന്ന ബഹുനില മന്ദിരങ്ങൾ പലപ്പോഴും സുരക്ഷാഭീഷണി ഉയർത്തുന്നവയാണ്. തീപിടിത്തമുണ്ടായാൽ വാഹനങ്ങൾക്ക് എളുപ്പം ചെന്നെത്താൻ പോലുമാകില്ല. ബഹുനില കെട്ടിടങ്ങൾക്കു ചുറ്റും അഗ്നിശമന വാഹനങ്ങൾക്ക് അനായാസം എത്താനാവശ്യമായ സ്ഥലസൗകര്യം നിർബന്ധമാണ്. പഴയതും പുതിയതുമായ അത്തരം പല മന്ദിരങ്ങൾക്കും ഈ സൗകര്യം കാണണമെന്നില്ല. ജേക്കബ് തോമസ് ഫയർഫോഴ്സിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് സംസ്ഥാനത്തെ ബഹുനില മന്ദിരങ്ങളിൽ ഫയർ ഓഡിറ്റിന് ഒരു ശ്രമം നടത്തുകയുണ്ടായി. നിബന്ധന പാലിക്കാത്ത കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകുന്നിടം വരെ എത്തിയ ഘട്ടത്തിലാണ് പതിവുപോലെ അദ്ദേഹത്തെ ആ പദവിയിൽ നിന്ന് പുറത്താക്കിയത്. ഫയർ ഓഡിറ്റും പിന്നീട് നിലച്ചു. എവിടെയെങ്കിലും അപകടം സംഭവിക്കുമ്പോഴാണല്ലോ തെറ്റും വീഴ്ചയുമൊക്കെ അന്വേഷണ പരിധിയിൽ വരാറുള്ളത്. ഏത് അത്യാപത്തിലും ഭാഗ്യം കൊണ്ടാണ് മനുഷ്യർ ജീവനും കൊണ്ട് രക്ഷ പ്രാപിക്കാറുള്ളത്. അഗ്നിസുരക്ഷാ ചട്ടങ്ങൾ കർക്കശമാക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നവയാണ് സംസ്ഥാനത്തുടനീളമുള്ള ബഹുനില മന്ദിരങ്ങൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് കഴിഞ്ഞ ദിവസം കത്തിയമർന്ന ആറുനില മന്ദിരം. ചെരിപ്പും തുകൽ സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ ഫലം എത്ര ഭയാനകമാകുമെന്ന് ഇപ്പോൾ തെളിഞ്ഞു. എളുപ്പം തീപിടിക്കാവുന്ന ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും കാണും നിയമവും ചട്ടവുമൊക്കെ. പാർപ്പിട സമുച്ചയങ്ങളിലെ കെട്ടിടങ്ങൾ പോലും രാസവസ്തുക്കളും പെയിന്റും മറ്റും സൂക്ഷിക്കുന്ന ഗോഡൗണുകളാക്കി മാറ്റുന്നത് പതിവായിട്ടുണ്ട്. ഉത്തരവാദപ്പെട്ടവർ ഇതൊക്കെ ശ്രദ്ധയിൽ പെട്ടാലും കണ്ണടയ്ക്കുന്നതാണ് നിയമലംഘനങ്ങൾ പെരുകാൻ കാരണം.