ramesh-chennithala-2

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം സി.പി.എം നടത്തുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. അംഗീകരിച്ചില്ലെങ്കിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകും. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബവും കോടതിയെ സമീപിക്കും. കേസിൽ ഉദുമ എം.എൽ എ.കെ.കുഞ്ഞിരാമന്റെ പങ്ക് അന്വേഷിക്കണം.

കേസിൽ പൊലീസിന്റെ അന്വേഷണം ഒട്ടും തൃപ്തികരമല്ല. പാർട്ടിതാത്പര്യത്തിന് അനുസരിച്ച് അന്വേഷണം മുന്നോട്ട് നീങ്ങുന്നുവെന്ന പരാതിയാണ് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനുള്ളത്. ഉദുമ എം.എൽ.എയുടെ പ്രേരണയാലാണ് കൊലപാതകം നടന്നതെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ പറയുന്നു. മുകളിലുള്ള ഉദ്യോഗസ്ഥർ പറയുന്നത് കേട്ടാൽ മതിയെന്ന് പറഞ്ഞ് അന്വേഷണസംഘത്തിലെ പൊലീസുദ്യോഗസ്ഥരെ എം.എൽ.എ ഭീഷണിപ്പെടുത്തി.

പാർട്ടി അറിയാതെ പീതാംബരൻ കൃത്യം ചെയ്യില്ലെന്ന് ഭാര്യയും മകളും പറഞ്ഞശേഷം മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ എന്തിന് അവിടെ പോയി?​ കൃപേഷിന്റെ സുഹൃത്തുക്കളായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി പ്രചരിപ്പിച്ച് സി.പി.എമ്മുകാർ ഭീഷണി മുഴക്കുകയാണ്. പിണറായിസർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം രാഷ്ട്രീയകൊലപാതകം അവസാനിക്കില്ല. പ്രത്യാക്രമണങ്ങൾക്ക് ഇനി പാർട്ടി പിന്തുണയുണ്ടാവില്ലെന്ന കോടിയേരിയുടെ പ്രസ്താവന ചെകുത്താൻ വേദമോതുന്നത് പോലെയാണ്. എട്ട് മാസമായി ഉത്തരമേഖലയിൽ എ.ഡി.ജി.പിയെ നിയമിക്കാത്തത് ഏറാൻമൂളികളെക്കൊണ്ട് പാർട്ടിതാത്പര്യങ്ങൾ സംരക്ഷിച്ചെടുക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.