സംയുക്ത സമരസമിതി ക്ളിഫ് ഹൗസ് മാർച്ച് ഉപേക്ഷിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉറപ്പ് നൽകിയതായി എംപാനൽ സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. സമരസമിതി നേതാക്കളും എൽ.ഡി.എഫ് കൺവീനറും തമ്മിൽ എ.കെ.ജി സെന്ററിൽ നടത്തിയ ചർച്ചയിലാണ് എൽ.ഡി.എഫിന്റെ ഉറപ്പ്. തുടർന്ന് ക്ളിഫ് ഹൗസിലേക്ക് ഇന്നലെ നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു.
കഴിഞ്ഞ ഒരു മാസമായി എം.പാനൽ ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് അനുകൂലമായ തീരുമാനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത സാഹചര്യത്തിൽ സമരസമിതി ക്ലിഫ് ഹൗസ് മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൽ.ഡി.എഫ് കൺവീനർ ചർച്ചയ്ക്ക് ക്ഷണിച്ചത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ തലസ്ഥാനത്തെത്തിയ ഉടൻ രമ്യമായി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കുമെന്നും സമരക്കാരുടെ ആവശ്യങ്ങൾക്ക് എൽ.ഡി.എഫിന്റെ പൂർണ പിന്തുണയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. മന്ത്രിതല ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സെക്രട്ടേറിയറ്റ് പടിക്കലെ സമരം തുടരും. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, സമരസമിതി ഭാരവാഹികളായ എസ്.ഡി. ജോഷി, ദിനേശ് ബാബു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.