patmanabhapuram-palace

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിൽ പൂർത്തീകരിച്ച വിവിധ സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കഴിഞ്ഞ ദിവസം കൊട്ടാര വളപ്പിൽ നടന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കൊട്ടാരം ചാർജ് ഓഫീസർ സി.എസ്. അജിത് കുമാർ എന്നിവർ പങ്കെടുത്തു. കേരള പുരാവസ്തുവകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് 3.30 കോടി ചെലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒന്നാംഘട്ടമായി പൂമുഖം മന്ത്രശാല എന്നിവയുടെ സംരക്ഷണ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. അതോടൊപ്പം സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കൊട്ടാരത്തിൽ പൂന്തോട്ടവും നിർമ്മിച്ചു. കൊട്ടാരത്തിൽ 37 വർഷമായി പ്രവർത്തിക്കാതിരുന്ന ക്ലോക്ക് ടവറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കി. 262 വർഷം പഴക്കമുള്ള ക്ലോക്കിലെ മുഴക്കം ഇനി മൂന്നു കിലോമീറ്റർ ദൂരത്തോളം മുഴങ്ങും. ഭിന്നശേഷി സന്ദർശകർക്ക് കൊട്ടാരത്തിനകത്ത് പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവർക്കു വേണ്ടിയുള്ള വീഡിയോ ടൂർ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓഫീസ് മന്ദിരത്തിന്റെ നവീകരണവും ഇതോടൊപ്പം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.