changathi-project

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി" പദ്ധതിയുടെ രണ്ടാംഘട്ടം മാർച്ചിൽ തുടങ്ങും. 14 ജില്ലകളിലേയും തിരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പദ്ധതി നടപ്പിലാക്കും. ഗുണഭോക്താക്കളെ കണ്ടെത്തുന്ന സർവേ ഈ മാസം പൂർത്തിയാകും. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടപ്പിലാക്കിയ 'ചങ്ങാതി" പ്രോജക്ടിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനതലത്തിൽ വ്യാപിപ്പിച്ചത്.

നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയിൽ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ.
ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴിൽ 15 മുതൽ 20 വരെ പഠിതാക്കൾ ഉൾക്കൊള്ളുന്നതാണ് സാക്ഷരതാപഠനകേന്ദ്രങ്ങൾ.

ജില്ലകളിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണത്തിൽ 2018 ഏപ്രിൽ ഒന്നു മുതലാണ് ഒന്നാംഘട്ട ക്ലാസ് ആരംഭിച്ചത്. 'മികവുത്സവം" എന്നപേരിൽ നടത്തിയ പരീക്ഷയിൽ 1738 പേർ വിജയിച്ചു. വിജയിച്ചവരിൽ ഭൂരിഭാഗവും ഒഡീഷയിൽ നിന്നുള്ളവരായിരുന്നു. പെരുമ്പാവൂരിൽ പരീക്ഷയെഴുതിയ 503പേരിൽ 469 പേരു വിജയിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും അസാമിൽ നിന്നുള്ളവരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പെരുമ്പാവൂരിലെ 'ചങ്ങാതി മാതൃകാ" പദ്ധതിയിൽ 2017 ആഗസ്റ്റ് 15നാണ് ക്ലാസുകൾ ആരംഭിച്ചത്.

ഒരു വിദ്യാകേന്ദ്രത്തിന് കീഴിൽ കുറഞ്ഞത് അഞ്ചിനും 10നും ഇടയിൽ പഠനകേന്ദ്രങ്ങൾ എന്ന നിലയിലാണ് ക്രമീകരിക്കുന്നത്. തുടർവിദ്യാകേന്ദ്രം പ്രേരക്മാർക്ക് പഠനകേന്ദ്രംകോ - ഓർഡിനേറ്റർമാർ എന്ന നിലയിൽ പ്രത്യേകം ചുമതലയാണ്. ഇൻസ്ട്രക്ടർമാരുടെ തിരഞ്ഞെടുപ്പിൽ ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരെയും സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതാപഠിതാക്കളെയും പരിഗണിക്കും.