carnival

തിരുവനന്തപുരം: നഗരസഭയ്‌ക്ക് കീഴിലുള്ള ശംഖുംമുഖം ആർട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് കാർണിവലിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറു മണിക്ക് മന്ത്രി എ.കെ.ബാലൻ ശംഖുംമുഖം ബീച്ച് കാർണിവൽ ഉദ്ഘാടനം ചെയ്യും. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ അരങ്ങേറും. 28 വരെയാണ് കാർണിവൽ. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയും ബീച്ച് കാർണിവലിൽ കൈകോർക്കുന്നുണ്ട്. ശംഖുംമുഖം തീരത്തെ വിവിധ നിറങ്ങളിൽ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിംഗാണ് കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണം. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മത്സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

23ന് വൈകിട്ട് നാല് മുതൽ പുരുഷന്മാരുടെ വടംവലി മത്സരം, രാത്രി ഏഴിന് ലോക്ധർമി അവതരിപ്പിക്കുന്ന നാടകം 'ശാകുന്തളം'. 24ന് വൈകിട്ട് നാലിന് ബീച്ച് ഹാൻഡ് ബാൾ മത്സരം, രാത്രി ഏഴിന് മെഗാഷോ 'മദ്രാസ് മെയിൽ'. 25ന് വൈകിട്ട് നാലിന് ബീച്ച് ഫുട്‌ബാൾ മത്സരം, രാത്രി ഏഴിന് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം, തുടർന്ന് പി.ഭാസ്‌കരൻ സ്മൃതി ഗീതം. 26ന് വൈകിട്ട് നാലിന് ബീച്ച് വോളിബാൾ മത്സരം, രാത്രി ഏഴിന് തെയ്യം. അഗ്‌നി ഘണ്ടാകർണൻ ഉൾപ്പെടെ പ്രമുഖങ്ങളായ മൂന്ന് തെയ്യക്കോലങ്ങൾ മലബാറിന്റെ അനുഷ്ഠാന രീതിയിൽ അവതരിപ്പിക്കും. 27ന് വൈകിട്ട് നാലിന് സ്ത്രീകളുടെ വടംവലി മത്സരം, രാത്രി ഏഴിന് കർണാടകയിൽ നിന്നുള്ള നാടോടി കലാരൂപമായ ദൊല്ലു കുനിത. സമാപന ദിവസമായ 28ന് രാത്രി ഏഴിന് ജോബ് കുര്യനും ആൻ ആമിയും നയിക്കുന്ന മ്യൂസിക്കൽ ബാൻഡിന്റെ സംഗീത നിശ. കലാ വിന്യാസങ്ങൾ, ഫുഡ് കോർട്ട്, ആരോഗ്യ പ്രദർശനം, പുസ്തകമേള എന്നിവയും ബീച്ച് കാർണിവലിന്റെ ഭാഗമായുണ്ട്.