strike

ശ്രീകാര്യം: വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള രാത്രികാല സമയം ദീർഘിപ്പിക്കാൻ അധികൃതർ തീരുമാനിച്ചതോടെ ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സമരം ചെയ്ത വിദ്യാർത്ഥികളുമായി അധികൃതർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 9.30വരെയാണ് പുരുഷൻമാരുടെ ഹോസ്റ്റലിലെ രാത്രികാല പ്രവേശന സമയം. ഈ സമയക്രമം വനിതാ ഹോസ്റ്റലിലും നടപ്പാക്കും. നിലവിൽ വൈകിട്ട് 6.30ന് മുമ്പ് പ്രവേശിക്കണമെന്നായിരുന്നു നിബന്ധന.

സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഉഷാ ടൈറ്റസിന്റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പൽ ഡോ.ജിജി, കൗൺസിൽ അധികാരികളായ കോളേജിലെ വിവിധ വകുപ്പ് മേധാവികൾ, ഹോസ്റ്റൽ വാർഡൻ സാംസൺ എന്നിവരടങ്ങിയ സമിതിയാണ് വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം കോളേജ് ലൈബ്രറിയിൽ പോയി 9 മണിയോടെ തിരികെ ഹോസ്റ്റലിൽ എത്തിയ വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാൻ ഹോസ്റ്റൽ വാർഡൻ കൂട്ടാക്കിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.